ന്യൂഡെല്‍ഹി: ഇന്ത്യയിൽ കൊറോണ രണ്ടാം തരംഗം കൂടുതൽ ഗുരുതരാവസ്ഥയിലേക്ക്. രോഗികളുടെ എണ്ണം റെക്കോഡുകൾ ഭേദിച്ച് കുതിച്ചുയർന്നു. ഇന്നും മൂന്നര ലക്ഷത്തോളം ആളുകൾ രോഗബാധിതരായി. തുടർച്ചയായ മൂന്ന് ദിവസം രണ്ടായിരത്തിന് മുകളിലാണ് മരണസംഖ്യ.2624 പേർ കൊറോണ ബാധിച്ച് മരിച്ചതായി സ്ഥിരീകരിച്ചു.
ഔദ്യോഗിക കണക്കുകളനുസരിച്ച് 24 മണിക്കൂറിനിടെ 3,46,786 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലുള്ളവരുടെ എണ്ണം കാൽ കോടി പിന്നിട്ടു. 25,52,940 പേരാണ് ചികിത്സയിലുള്ളത്. ആരോഗ്യപ്രവർത്തകരിലും രോഗബാധിതരാകുന്നവരുടെ എണ്ണം ഉയരുകയാണ്. ആരോഗ്യപ്രവർത്തകർക്കൊപ്പം സന്നദ്ധ പ്രവർത്തകരെയും സംസ്ഥാനങ്ങളിൽ കൊറോണ പ്രതിരോധത്തിന് ഉപയോഗിക്കാൻ ചീഫ് സെക്രട്ടറിമാർക്കയച്ച കത്തിൽ കേന്ദ്രം നിർദ്ദേശിച്ചു.
വിവിധ സംസ്ഥാനങ്ങളിൽ മരണനിരക്ക് കുത്തനെ ഉയരുകയാണ്. 24 മണിക്കൂറിനിടെ മഹാരാഷ്ട്രയിൽ മാത്രം 773 പേരും ഡെൽഹിയിൽ 348 േപരും മരിച്ചു. 24 മണിക്കൂറും ശ്മശാനങ്ങൾക്ക് പുറത്ത് വാഹനങ്ങളുടെ നീണ്ട നിര കാണാം. കൊറോണ സ്ഥിരീകരിക്കുന്നതോടെ രോഗികളുടെ ഓക്സിജൻ അളവ് ക്രമാതീതമായി താഴുന്നതോടെയാണ് മിക്ക മരണവും.
ഓക്സിജൻ ക്ഷാമവും ആശുപത്രികളുടെ അപര്യാപ്തതയും മരണനിരക്ക് ഉയർത്തുന്നുണ്ട്. കഴിഞ്ഞദിവസം മഹാരാഷ്ട്രയിൽ 66,836 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 81.81 ശതമാനമാണ് മഹാരാഷ്ട്രയിലെ രോഗമുക്തി നിരക്ക്. മരണനിരക്ക് 1.52 ശതമാനവും. നിലവിൽ 6,91,851 പേരാണ് ഇവിടെ ചികിത്സയിൽ കഴിയുന്നത്. 16.53 ശതമാനമാണ് സംസ്ഥാനത്തെ പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞദിവസം പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മുഖ്യമന്ത്രിമാരുടെ യോഗത്തിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി സംസ്ഥാനത്തേക്ക് കൂടുതൽ ഓക്സിജനും പ്രതിരോധ മരുന്നുകളും ആവശ്യപ്പെട്ടിരുന്നു.
ഡെൽഹിയിലും സമാന സ്ഥിതിയാണ് നേരിടുന്നത്. ഡെൽഹിയിൽ ഏറ്റവും ഉയർന്ന പ്രതിദിന മരണനിരക്കാണ് കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തത്. 24,331 പേർക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തു. 32 ശതമാനമാണ് ഡൽഹിയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 92,000 പേരാണ് ഡെൽഹിയിൽ ചികിത്സയിലുള്ളത്. ഓക്സിജൻ ക്ഷാമമാണ് ഡെൽഹിയെ ശ്വാസം മുട്ടിക്കുന്നത്.
ഓക്സിജൻ, വാക്സീൻ പ്രതിസന്ധിയിൽ കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. പി.ആർ പ്രോജക്ടുകളിൽ പണം ചെലവഴിക്കാതെ കേന്ദ്രം, പ്രതിസന്ധി പരിഹരിക്കാനുള്ള വഴി കണ്ടെത്തണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. പ്രതിസന്ധി വരും ദിവസങ്ങളിലും ശക്തമാകും. ഇപ്പോഴത്തെ സാഹചര്യം തന്നെ രാജ്യത്തിന് പരിഹരിക്കാൻ കഴിയാത്ത അവസ്ഥയാണുള്ളതെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.