സനുമോഹൻ വിറ്റ കാറും മകൾ വൈഗയുടെ സ്വർണാഭരണങ്ങളും അന്വേഷണ സംഘം കണ്ടെത്തി

കൊച്ചി: വൈഗയെ കൊലപ്പെടുത്തിയ പിതാവ് സനുമോഹൻ വിറ്റ കാറും മകൾ വൈഗയുടെ ദേഹത്തുനിന്ന് അഴിച്ചെടുത്ത സ്വർണാഭരണങ്ങളും അന്വേഷണ സംഘം കണ്ടെത്തി. സനുവുമായി കോയമ്പത്തൂരിൽ നടത്തിയ തെളിവെടുപ്പിലാണ് അന്വേഷണ സംഘം കാറും സ്വർണവും കണ്ടെത്തിയത്.

വൈഗയെ പുഴയിൽ തള്ളിയ ശേഷം സനു സഞ്ചരിച്ച വഴികളിലൂടെയാണ് അന്വേഷണ സംഘം സഞ്ചരിച്ചത്. തൃക്കാക്കര സി.ഐ. കെ. ധനപാലന്റെ നേതൃത്വത്തിലുള്ള സംഘമാണ് കാർ വിറ്റ സ്ഥാപനത്തിൽ ഉൾപ്പെടെ തെളിവെടുപ്പ് നടത്തിയത്.

മൂന്നര ലക്ഷം രൂപക്ക് വിൽപ്പന ഉറപ്പിച്ച കാറിന് അഡ്വാൻസായി 50,000 രൂപയാണ് നൽകിയത്.
മറ്റ് രേഖകൾ നൽകിയ ശേഷം ബാക്കി തുക നൽകാമെന്നായിരുന്നു കരാർ. കാറിന്റെ സി.സി. അടച്ച് തീർത്തിരുന്നില്ല. കാർ വിറ്റ ശേഷം കോയമ്പത്തൂർ നഗരത്തിൽ തന്നെയുള്ള സ്വകാര്യ ലോഡ്ജിലാണ് സനു തങ്ങിയത്.

വൈഗയുടെ മാലയും മോതിരവും വിറ്റ സ്ഥാപനത്തിലും തെളിവെടുപ്പ് നടത്തി. തമിഴ്നാട്ടിലെ തെളിവെടുപ്പിനു ശേഷം വ്യാഴാഴ്ച കർണ്ണാടക, ഗോവ എന്നിവിടങ്ങളിലെത്തിച്ചും തെളിവെടുക്കും.

നാല് ദിവസം കഴിഞ്ഞാകും അന്വേഷണ സംഘം മടങ്ങിയെത്തുക. മൂകാംബികയിൽ ഇയാളെ കണ്ടെത്തിയ ഹോട്ടൽ, കാർവാറിൽ സനുവിനെ പിടികൂടിയ ബീച്ച് എന്നിവിടങ്ങളിലും തെളിവെടുക്കും. കേടായി എന്നു പറഞ്ഞ് ഇയാൾ ഉപേക്ഷിച്ച ഫോൺ കണ്ടെത്താനായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. സനുമോഹനെ തെളിവെടുപ്പിന് കൊണ്ടുപോകുന്ന സംസ്ഥാനങ്ങളിലെ പൊലീസിനോട് അന്വേഷണം സംഘം സഹായം തേടിയിട്ടുണ്ട്.

നേരത്തേ സനുമോഹൻ്റെ കൊച്ചിയിലെ ഫ്ലാറ്റിൽ കണ്ടത്തിയ രക്തക്കറ വൈ​ഗയുടേത് തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. ഡിഎൻഎ പരിശോധനാ ഫലം അന്വേഷണ സംഘത്തിന് കിട്ടി. ശ്വാസം മുട്ടിച്ചപ്പോൾ കുട്ടിയുടെ മൂക്കിൽ നിന്ന് വന്ന രക്തമാകാം ഫ്ലാറ്റിൽ നിന്ന് കണ്ടെത്തിയതെന്നാണ് പൊലീസ് പറയുന്നത്. കൊച്ചിയിലെ തെളിവെടുപ്പുകൾ പൂർത്തിയാക്കിയാണ് സനുമോഹനെ അന്വേഷണസംഘം കോയമ്പത്തൂരിലേക്ക് കൊണ്ടുപോയത്.

കോയമ്പത്തൂരിലേക്ക് കടക്കുന്നതിന് മുൻപ് വാളയാർ ടോൾ പ്ലാസയിലും പാലക്കാട്ടെ ചില കേന്ദ്രങ്ങളിലും തെളിവെടുപ്പ് നടത്തിയിരുന്നു. സനുമോഹന് ഒളിവിൽ പോവാൻ മറ്റാരുടേയെങ്കിലും സഹായം കിട്ടിയോയെന്ന് കണ്ടെത്താനായിരുന്നു ഇത്. തെളിവെടുപ്പ് പൂർത്തിയാക്കി കൊച്ചിയിൽ തിരികെയെത്തിയാൽ ഭാര്യയെ ഒപ്പം നിർത്തി സനുമോഹനെ വീണ്ടും ചോദ്യം ചെയ്യും. 10 ദിവസത്തെ കസ്റ്റഡി കാലാവധിക്കുള്ളിൽ കേസിലെ എല്ലാ ദുരൂഹതകളും നീക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണർ അറിയിച്ചു.