കത്വ ഫണ്ട് തിരിമറി: യൂത്ത് ലീഗ് നേതാവ് സികെ സുബൈറിനെ ഇഡി ചോദ്യം ചെയ്യുന്നു

കൊച്ചി: കത്വ പെൺകുട്ടിയുടെ കുടുംബത്തിനായി പണസമാഹരണം നടത്തി തിരിമറി നടത്തിയെന്ന പരാതിയിൽ യൂത്ത് ലീഗ് നേതാവ് സികെ സുബൈറിനെ ഇഡി ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ എൻഫോഴ്‌സ്‌മെന്റ് ഓഫീസിലാണ് ചോദ്യം ചെയ്യൽ. മുൻ ലീഗ് നേതാവ് യൂസഫ് പടനിലം നൽകിയ പരാതിയിലാണ് ഇഡി അന്വേഷണം.

പെൺകുട്ടിയുടെ പേരിൽ പിരിച്ച ഒരു കോടി രൂപ കൂടുംബത്തിന് കൈമാറാതെ നേതാക്കൾ തന്നെ വകമാറ്റിയെന്നാണ് ആരോപണം. പണപ്പിരിവ് നടത്തിയതിൽ കള്ളപ്പണ ഇടപാട്, വിദേശനാണ്യ വിനിമയ ചട്ട ലംഘനം എന്നിവ ഉണ്ടായോ എന്നും ഇഡി അന്വേഷിക്കുന്നുണ്ട്.

ആരോപണങ്ങളിൽ കഴമ്പില്ലെന്ന് സികെ സുബൈർ പ്രതികരിച്ചു. നേരത്തെ രണ്ട് തവണ ഹാജരാകാൻ ഇഡി നോട്ടീസ് നൽകിയെങ്കിലും ഭാര്യാ പിതാവ് കൊറോണ പോസിറ്റീവ് ആയതിനെ തുടർന്ന് സമയം നീട്ടി ചോദിക്കുകയായിരുന്നു.