ഒരേ വാക്‌സിന് പല വില ശരിയല്ല; വാക്സിന്‍ നയം പുനപരിശോധിക്കണം; പ്രധാനമന്ത്രിയോട് സോണിയാഗാന്ധി

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ നയം പുനഃപരിശോ ധിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. ഒരേ വാക്‌സിന് പല വില ഈടാക്കുന്നത് ശരിയല്ലെന്നും സാമ്പത്തിക സ്ഥിതി മാനദണ്ഡം ആക്കാതെ 18 വയസ് കഴിഞ്ഞ എല്ലാവര്‍ക്കും വാക്‌സിന്‍ ഉറപ്പാക്കണമെന്നും സോണിയാ ഗാന്ധി പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.

രാജ്യത്തെ പ്രതിസന്ധി കൊറോണ കാരണം മാത്രമല്ല, കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ കാരണം കൂടിയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. പൊള്ളയായ പ്രസംഗങ്ങള്‍ അല്ല വേണ്ടത്. രാജ്യത്തിന് പരിഹാരം നല്‍കുകയാണ് വേണ്ടതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ഡെല്‍ഹി, മഹാരാഷ്ട്ര, മധ്യപ്രദേശ് ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ഓക്‌സിജന്‍ ക്ഷാമം അതീവ രൂക്ഷമാണ്. പ്രതിസന്ധിയുടെ സമയത്ത് സംസ്ഥാനങ്ങള്‍ പരസ്പരം സഹകരിക്കണമെന്ന് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജിരിവാള്‍ ആവശ്യപ്പെട്ടു. രോഗ വ്യാപനം ഉയര്‍ന്ന പശ്ചാത്തലത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ ഇന്ന് മുതല്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി. പൊതുഗതാഗത സംവിധാനത്തില്‍ ഉള്‍പ്പെടെ മഹാരാഷ്ട്ര കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.