ചണ്ഡീഗഡ് : കൊറോണ വ്യാപനത്തെ തുടർന്ന് വാക്സിനേഷൻ ഊർജ്ജിതമാക്കിയിരിക്കെ ഹരിയാനയിലെ ആശുപത്രിയിൽ നിന്ന് 1710 ഡോസ് കൊറോണ പ്രതിരോധ വാക്‌സിൻ മോഷണം പോയി. ജിന്ദിലെ പിപി സെന്റർ ജനറൽ ആശുപത്രിയിലെ സ്‌റ്റോർ റൂമിൽ സൂക്ഷിച്ചിരുന്ന കൊവാക്‌സിൻ, കൊവിഷീൽഡ് വാക്‌സിനുകളാണ് മോഷണം പോയത്. 1270 ഡോസ് കൊവിഷീൽഡ് , 440 ഡോസ് കൊവാക്സിനുമാണ് ഉണ്ടായിരുന്നത്.
ആശുപത്രിയിലെ സ്റ്റോര്‍ റൂം തുറന്നാണ് ഡീപ്പ് ഫ്രീസറില്‍ വച്ചിരുന്ന വാക്സിൻ മോഷ്ടാക്കള്‍ കവര്‍ന്നത്. ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസറുടെ ലാപ്ടോപ്പ്, 50,000 രൂപ, മറ്റു മരുന്നുകൾ എന്നിവ സ്റ്റോര്‍ റൂമിലുണ്ടായിരുന്നു. ഇവ മോഷ്ടാക്കൾ അപഹരിച്ചില്ല.
മോഷ്ടാക്കൾ കൊറോണ വാക്‌സിൻ ലക്ഷ്യം വെച്ച് വന്നതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. രാജ്യത്ത് കൊറോണ വാക്‌സിൻ ഉപയോഗിക്കാതെ നഷ്ടമാക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് ഹരിയാന.
അതേസമയം കൊറോണ വാക്‌സിൻ സംരക്ഷിക്കുന്നതിനായി ഇവിടെ സിസിടിവി ക്യാമറകൾ സ്ഥാപിക്കുകയോ സുരക്ഷാ ഉദ്യോഗസ്ഥരെ കാവൽ നിർത്തുകയോ ചെയ്തിട്ടില്ല. വാക്‌സിൻ മോഷണം പോയതുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചു.