തിരുവനന്തപുരം: കൊറോണ രണ്ടാം തരംഗം രൂക്ഷമാവുകയും വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ ആളുകള്‍ കൂട്ടത്തോടെ എത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍ വാക്‌സിന്‍ വിതരണത്തിലും നടത്തിപ്പിലും
മാറ്റങ്ങള്‍ വരുത്തി ആരോഗ്യവകുപ്പ്. സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഒഴിവാക്കി ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രം വാക്‌സിന്‍ നല്‍കാനാണ് തീരുമാനം. വാക്സിനേഷൻ കേന്ദ്രങ്ങളിലെ ക്യു ഒഴിവാക്കാൻ വേണ്ടിയാണിത്. ഇതുസംബന്ധിച്ച് ആറിന മാർഗനിർദേശങ്ങൾ ആരോഗ്യവകുപ്പ് പുറത്തിറക്കി.
പുതിയ കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കിടയില്‍ വാക്സിന്‍ കിട്ടുമോയെന്ന ആകാംക്ഷ വര്‍ദ്ധിപ്പിക്കുകയും പല വാക്സിനേഷന്‍ കേന്ദ്രങ്ങളിലും കൊറോണ പ്രോട്ടോക്കോള്‍ ലംഘിക്കുകയും ചെയ്യുന്നു. ഇത് വിപരീത ഫലമാണ് ഉണ്ടാക്കുന്നത്. അതിനാലാണ് വാക്സിനേഷന്‍ സെഷനുകള്‍ നടത്തുന്നതിന് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചതെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ പറഞ്ഞു.
ആരോഗ്യവകുപ്പിന്റെ ആറിന മാർഗ നിർദേശങ്ങൾ
- ഏപ്രില്‍ 22 മുതല്‍ ഒന്നാമത്തേയും രണ്ടാമത്തേയും ഡോസുകള്‍ മുന്‍കൂട്ടിയുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ വഴി മാത്രമായിരിക്കും ലഭ്യമാകുക. സ്പോട്ട് രജിസ്ട്രേഷന്‍ ഉണ്ടാവുകയില്ല. ക്യൂ ഒഴിവാക്കാനായി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ കൊറോണ വാക്സിനേഷന്‍ സെന്ററുകളില്‍ ടോക്കണ്‍ വിതരണം ചെയ്യുകയുള്ളൂ.
- കൊറോണ വാക്സിനേഷനുള്ള മുന്‍ഗണനാ പട്ടികയിലുള്ളവര്‍ക്ക് സര്‍ക്കാര്‍ വകുപ്പുകള്‍, അക്ഷയ കേന്ദ്രങ്ങള്‍, സന്നദ്ധ സംഘടനകള്‍ എന്നിവ മുഖേന രജിസ്ട്രേഷന്‍ നടത്തുന്നതിന് ജില്ലകള്‍ മുന്‍കൈയെടുക്കേണ്ടതാണ്.
- സര്‍ക്കാര്‍, സ്വകാര്യ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ വാക്സിന്‍ ലഭ്യതയെ അടിസ്ഥാനമാക്കി കോവിന്‍ വെബ് സൈറ്റില്‍ സെഷനുകള്‍ മുന്‍കൂട്ടി ഷെഡ്യൂള്‍ ചെയ്യുന്നുവെന്ന് ജില്ലകള്‍ ഉറപ്പുവരുത്തേണ്ടതാണ്.
- വാക്സിനേഷന്‍ സെഷനുകളില്‍ കൊറോണ പ്രോട്ടോകോള്‍ പാലിക്കണം. വാക്സിനേഷന്‍ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കേണ്ടതാണ്. സാമൂഹിക അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും വേണം. കൈകള്‍ ശുചിയാക്കാന്‍ സാനിറ്റൈസര്‍ എല്ലാ കേന്ദ്രങ്ങളിലും ലഭ്യമാക്കണം.
- അതാത് വാക്സിനേഷന്‍ കേന്ദ്രങ്ങളിലെ കോവിഷീല്‍ഡിന്റേയും കോവാക്സിന്റേയും ലഭ്യതയനുസരിച്ച് ആസൂത്രണം ചെയ്യുകയും ആ വിവരം പൊതുജനങ്ങളെ അറിയിക്കുകയും വേണം.
- 45 വയസിന് മുകളിലുള്ള പൗരന്‍മാര്‍ക്ക് ഒന്നാമത്തേതും രണ്ടാമത്തേയും കൊറോണ വാക്സിന്‍ സമയബന്ധിതമായി നല്‍കണം. ഒന്നാം ഡോസ് സ്വീകരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്നണി പോരാളികള്‍ക്കും രണ്ടാം ഡോസ് നല്‍കണം.