തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടങ്ങളിലും ഇന്നലെ മുതൽ തന്നെ യാത്രാക്ലേശം രൂക്ഷമായി. നിലവിൽ പകൽ സമയങ്ങളിൽ പോലും ബസ് സർവീസുകൾ വേണ്ട വിധമില്ല. ഇന്ന് കൂടുതൽ നിയന്ത്രണങ്ങൾ വന്നാൽ സ്ഥിതി കൂടുതൽ സങ്കീർണമാകുമെന്നാണ് യാത്രക്കാരുടെ ആശങ്ക.
രാത്രി സർവീസുകൾ കൂടി കുറയ്ക്കുന്നതോടെ യാത്രക്കാർക്ക് വീട്ടിലെത്താൻ പറ്റാതാവും. ജില്ലകളിൽ നിന്ന് ജില്ലകളിലേക്കുള്ള ദീർഘദൂര സർവീസുകൾ മാത്രമാകുമ്പോൾ എത്തുന്ന സ്ഥലത്തു നിന്ന് ഉൾപ്രദേശങ്ങളിലേക്ക് പോകാൻ മാർഗമുണ്ടാവില്ല. പലരും വഴിയിൽ കുടുങ്ങും. ഇന്നലെയും ഇത്തരം സംഭവങ്ങൾ ഉണ്ടായെന്നാണ് സൂചന.
സംസ്ഥാനത്ത് രാത്രി കർഫ്യൂ പ്രഖ്യാപിച്ച സാഹചര്യത്തിൽ കെ.എസ്.ആർ.ടി.സി സർവീസുകൾ വെട്ടിക്കുറയ്ക്കുമെന്നതിൽ സംശയമില്ല. അത് എത്രയെന്ന് തീരുമാനിച്ചിട്ടില്ല. ജില്ലകൾക്കകത്ത് സർവീസ് നടത്തുന്ന ബസുകളായിരിക്കും കുറയ്ക്കുക. ദീർഘദൂര സർവീസുകൾ കുറയ്ക്കില്ല. ഇതിന് സർക്കാർ അനുമതി തേടും.
റിസർവേഷൻ ഇല്ലാത്ത സർവീസുകളായിരിക്കും വെട്ടിക്കുറയ്ക്കുകയെന്നും രാത്രി 9 ന് ശേഷമുള്ള സർവീസുകൾ റിസർവേഷൻ മുഖേനയാക്കുമെന്നും സിഎംഡി ബിജു പ്രഭാകർ സൂചിപ്പിച്ചു. ഇക്കാര്യം ചീഫ് സെക്രട്ടറിയെ അറിയിക്കും.