സംസ്ഥാനത്ത് മൂന്ന് ലക്ഷം പേരെ പരിശോധിക്കും; രണ്ടാംഘട്ട കൊറോണ കൂട്ടപരിശോധന ഇന്ന് മുതൽ

തിരുവനന്തപുരം: കൊറോണ വ്യാപന സാഹചര്യത്തിൽ സംസ്ഥാനത്ത് മൂന്ന് ലക്ഷം പേരെ പരിശോധിക്കാന്‍ ലക്ഷ്യമിട്ടുള്ള രണ്ടാം ഘട്ട കൂട്ട പരിശോധന ഇന്ന് ആരംഭിക്കും. രണ്ടര ലക്ഷം പേരെ പരിശോധിക്കാന്‍ ലക്ഷ്യമിട്ട ആദ്യഘട്ടത്തില്‍ മൂന്ന് ലക്ഷത്തിന് മുകളില്‍ പരിശോധന നടന്നിരുന്നു. ഇത് വിജയകരമായതിന്റെ അടിസ്ഥാനത്തിലാണ് രണ്ടാം ഘട്ട പരിശോധന.

കൊറോണ വ്യാപനം കൂടുതലുള്ള പഞ്ചായത്തുകളില്‍ എല്ലാ വീടുകളിലും പരിശോധന നടത്താനാണ് തീരുമാനം. ഇതിനുള്ള എല്ലാ ക്രമീകരണങ്ങളും ആരോഗ്യ വകുപ്പ് പൂര്‍ത്തിയാക്കി. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പരിശോധന നടത്തുക.

അതേസമയം കൊറോണ വ്യാപന പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ രാത്രികാല കര്‍ഫ്യൂ ഇന്ന് മുതല്‍ കര്‍ശനമാക്കും. ആദ്യ ദിവസം ബോധവത്ക്കരണമാണ് നടത്തിയതെങ്കില്‍ ഇന്ന് മുതല്‍ കര്‍ശന നടപടിയെടുക്കാനാണ് തീരുമാനം.

കൊറോണ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ രാത്രികാല കര്‍ഫ്യൂ ഇന്നലെയാണ് നിലവില്‍ വന്നത്. രാത്രി ഒന്‍പത് മണിക്ക് മുന്‍പ് തന്നെ കടകള്‍ അടച്ചുവെങ്കിലും വാഹനങ്ങള്‍ നിരത്തിലിറങ്ങി.

ആദ്യ ദിവസമായതിനാല്‍ ഇവരെ ബോധവത്ക്കരിക്കുകയാണ് പൊലീസ് ചെയ്തത്. ഇന്ന് മുതല്‍ അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. അവശ്യ സര്‍വീസ് ഒഴികെ ഒന്നും അനുവദിക്കുകയില്ല. വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ആവശ്യമെങ്കില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തുകയും ചെയ്യും.