രണ്ടര വർഷം മുമ്പ് സഹോദരൻ അമ്മയുടെ സഹായത്തോടെ കൊന്ന് കുഴിച്ചുമൂടിയ ജ്യേഷ്ടൻ്റെ മൃതദേഹ അവശിഷ്ടം കണ്ടെത്തി

കൊല്ലം: സഹോദരൻ അമ്മയുടെ സഹായത്തോടെ കൊന്ന് കുഴിച്ചുമൂടിയ ജ്യേഷ്ടൻ്റെ മൃതദേഹത്തിൻ്റെ അവശിഷ്ടം പോലീസ് കണ്ടെത്തി. രണ്ടര വർഷം മുമ്പ് കാണാതായ ഭാരതീപുരം തോട്ടംമുക്ക് പള്ളിമേലതിൽവീട്ടിൽ ഷാജി പീറ്ററിന്റെ മൃതദേഹാവശിഷ്ടമാണ് കണ്ടെടുത്തത്.

ഷാജി പീറ്റർ കൊല്ലപ്പെട്ട സംഭവത്തിൽ സഹോദരൻ സജിനും അമ്മ പൊന്നമ്മയും അറസ്റ്റിലായിരുന്നു. ഇരുവരും ചേർന്നാണ് മൃതദേഹം കുഴിച്ചിട്ടത്. ദുർഗന്ധമുണ്ടാകാതിരിക്കാൻ മൃതദേഹത്തിന് മുകളിൽ ഷീറ്റിട്ട ശേഷം കോൺക്രീറ്റ് ചെയ്തതിരുന്നു. ഈ കോൺക്രീറ്റ് വെട്ടിപ്പൊളിച്ചാണ് പോലീസ് പരിശോധന നടത്തിയത്.

മൃതദേഹം കുഴിച്ചിടാൻ ഉപയോഗിച്ചെന്ന് സംശയിക്കുന്ന ചാക്കും എല്ലിൻ കഷ്ണണങ്ങളുമാണ് പോലീസും ഫോറൻസിക് വിദഗദ്ധരും പുറത്തെടുത്തത്. 2018-ലെ തിരുവോണദിവസം വൈകുന്നേരം ആറു മണിക്കാണ് കൊലപാതകം നടന്നത്. വീട്ടുമുറ്റത്ത് കിണർ കുഴിച്ചപ്പോൾ മാറ്റിയിട്ട മണ്ണിലാണ് മൃതദേഹം മറവ് ചെയ്തതെന്നാണ് ഇരുവരും പോലീസിനോട് വെളിപ്പെടുത്തിയിരുന്നത്.

സജിന്റെ ഭാര്യയോട് ഷാജി അപമര്യാദയായി പെരുമാറിയതിനെത്തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. വഴക്കിനിടെ സജിൻ കമ്പിവടികൊണ്ട് ഷാജിയുടെ തലയ്ക്കടിച്ചു. അടിയേറ്റ് ഷാജി നിലത്തുവീണു. പിന്നീടാണ് മൃതദേഹം കുഴിയെടുത്ത് മൂടിയത്.

ഇവർ താമസിക്കുന്നത് വിജനമായ സ്ഥലത്തായതിനാൽ സംഭവം മറ്റാരും അറിഞ്ഞില്ല. ഷാജി പീറ്റർ ജോലി സ്ഥലത്താണെന്നാണ് ഇവർ എല്ലാവരോടും പറഞ്ഞിരുന്നത്. എന്തോ പന്തികേടു തോന്നിയ ബന്ധു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അമ്മയെയും മകനെയും പോലീസ് പിടികൂടിയതും സംഭവം പുറം ലോകം അറിയുന്നതും.