സംസ്​ഥാനങ്ങൾക്കും സ്വകാര്യ ആശുപത്രികൾക്കുമുള്ള കൊവിഷീൽഡ് വാക്സിൻ വില വർധിപ്പിച്ചു

ന്യൂഡെൽഹി: കൊറോണ പ്രതിരോധ വാക്​സിനായ കോവിഷീൽഡിന്‍റെ വില സെറം ഇൻസ്റ്റിറ്റ്യൂട്ട്​ ഓഫ്​ ഇന്ത്യ പുതുക്കി നിശ്ചയിച്ചു. സംസ്​ഥാന സർക്കാരുകൾക്ക്​ 400 രൂപയ്ക്കും സ്വകാര്യ ആശുപത്രികൾക്ക്​ 600 രൂപക്കുമാകും വാക്​സിൻ നൽകുക. മേയ്​ ഒന്നുമുതൽ 18 വയസിന്​ മുകളിലുള്ളവർക്ക്​ കൊറോണ വാക്​സിൻ വിതരണം ആരംഭിക്കുന്നതിന്​ മുന്നോടിയായാണ്​ തീരുമാനം.

കേന്ദ്രസർക്കാരിന്​ കോവിഷീൽഡ്​ ഡോസിന്​ 150 രൂപക്ക്​ തന്നെ ലഭിക്കും. വിദേശ വാക്​സിനുകൾ 1500 രൂപയ്ക്കും 750 രൂപക്കുമാണ്​ ലഭ്യമാക്കുന്നതെന്നും സെറം ഇൻസ്റ്റിറ്റ്യൂട്ട്​ ചൂണ്ടിക്കാട്ടി.

സർക്കാരിന്‍റെ പുതിയ നയം പ്രകാരം 50 ശതമാനം വാക്​സിൻ ഡോസുകൾ കേന്ദ്രത്തിന്​ നൽകും. ബാക്കിയുള്ളവ സംസ്​ഥാനങ്ങൾക്കും സ്വകാര്യ ആശുപത്രികൾക്കും വീതിച്ചുനൽകും. സ്വകാര്യ ആശുപത്രികൾക്ക്​ മേയ്​ ഒന്നുമുതൽ കേന്ദ്രസർക്കാർ വാക്​സിൻ നൽകില്ലെന്ന്​ വ്യക്തമാക്കിയിരുന്നു.

18 വയസിന്​ മുകളിലുള്ളവർക്ക്​ വാക്​സിൻ വിതരണം ആരംഭിച്ചാൽ 12 ലക്ഷം വാക്​സിൻ ഡോസുകൾ അധികമായി വേണ്ടിവരും. നിലവിൽ ​ കേരളം ഉൾപ്പെടെ ചില സംസ്​ഥാനങ്ങളിൽ വാക്​സിൻ ക്ഷാമം രൂക്ഷമാണ്​.

വാക്​സിൻ നിർമാതാക്കളായ ​പുണെ സെറം ഇൻസ്റ്റിറ്റ്യുട്ടിനും ഭാരത്​ ബയോടെക്കിനും വാക്​സിൻ ഉൽപ്പാദനത്തിന്​ 4500 കോടി അനുവദിച്ച് കേന്ദ്ര സർക്കാർ തീരുമാനമെടുത്തിരുന്നു.