കൊച്ചി: കസ്റ്റംസ് ഉദ്യോഗസ്ഥർ കള്ളക്കടത്തിന് സഹായം നല്‍കിയെന്ന സൂചനയെ തുടർന്ന് കരിപ്പൂര്‍ വിമാനത്താവള സിബിഐ റെയ്ഡ്. കസ്റ്റംസ് സൂപ്രണ്ടുമാരുള്‍പ്പെടെ 14 പേര്‍ക്ക് എതിരെ കേസെടുത്തു. സിബിഐ കൊച്ചി യൂണിറ്റാണ് റെയ്ഡ് നടത്തി കേസ് രജിസ്റ്റര്‍ ചെയ്തത്. നടപടിക്ക് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.
കള്ളക്കടത്തിന് അടക്കം ഇവര്‍ സഹായം നല്‍കിയെന്ന കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. കസ്റ്റംസ് സൂപ്രണ്ടുമാരുള്‍പ്പെടെ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വീടുകളില്‍ സിബിഐ കൊച്ചി യൂണിറ്റിൻ്റെ റെയ്ഡ് പുരോഗമിക്കുകയാണ്. രാവിലെയാണ് റെയ്ഡ് ആരംഭിച്ചത്. ഈ വർഷം ജനുവരിയില്‍ നടത്തിയ റെയ്ഡില്‍ ലക്ഷക്കണക്കിന് രൂപ സിബിഐ പിടിച്ചെടുത്തിരുന്നു. സംഭവത്തില്‍ നാല് കസ്റ്റംസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
കസ്റ്റംസ് സൂപ്രണ്ട് ഗണപതി പോറ്റി, ഇന്‍സ്‌പെക്ടര്‍മാരായ നരേഷ്, യോഗേഷ്, ഹെഡ് ഹവീല്‍ദാര്‍ ഫ്രാന്‍സീസ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. സിബിഐ നടത്തിയ റെയ്ഡില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരില്‍ നിന്ന് കണക്കില്‍പെടാത്ത പണവും സ്വര്‍ണവും പിടികൂടിയിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടിയുണ്ടായിരിക്കുന്നത്.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ സിബിഐ നടത്തിയ അപ്രതീക്ഷിത റെയ്ഡിലാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ കൈയില്‍ നിന്ന് പണവും സ്വര്‍ണവും പിടികൂടിയത്.