ന്യൂഡെൽഹി: കൊറോണ വൈറസിന്റെ രണ്ടാം തരംഗം കൊടുങ്കാറ്റുപോലെയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്ത് സമ്പൂർണ ലോക്ക്ഡൗൺ നടപ്പാക്കില്ല. ലോക്ക് ഡൗൺ പ്രശ്നപരിഹാരത്തിനുള്ള അവസാനത്തെ അടവാണ്. അതിലേക്ക് പോകാതെ നോക്കണം. അതിനായി കൊറോണ വ്യാപനം കൂടിയ സ്ഥലങ്ങളിൽ മൈക്രോ ലോക്ക് ഡൌണ് ഏർപ്പെടുത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കുടിയേറ്റ തൊഴിലാളികൾ എവിടെയാണോ ഉള്ളത്, അവിടെത്തന്നെ തുടരാൻ സംസ്ഥാനങ്ങൾ നടപടിയെടുക്കണം. എവിടെയാണോ തൊഴിലാളികൾ ഉള്ളത്, അതേ നഗരത്തിൽത്തന്നെ വാക്‌സിൻ നൽകണം.
ദിശാബോധത്തോടെ പ്രവർത്തിച്ചാൽ വിജയംസുനിശ്ചിതമെന്നും പ്രധാനമന്ത്രി പറഞ്ഞു.കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.
രാജ്യം നേരിടുന്ന വെല്ലുവിളി വലുതാണ്. ഒരുമയും കൃത്യമായ തയ്യാറെടുപ്പും കൊണ്ട് നമുക്ക് അതിനെ മറികടക്കാനാവുമെന്ന് മോദി പറഞ്ഞു കൊറോണ മഹാമാരിയിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ വേദന മനസ്സിലാക്കുന്നു. അവരുടെ ദുഖത്തിൽ പങ്കുചേരുന്നു. വെല്ലുവിളി വലുതാണ്, അതു നമ്മൾ മറികടക്കും എന്നതിലും സംശയമില്ല.രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഓക്‌സിജന്റെ ആവശ്യം വർധിച്ചു. ഓക്‌സിജൻ ആവശ്യമുള്ള എല്ലാവർക്കും ലഭ്യമാക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാർ, സ്വകാര്യ മേഖലകൾ ഒരുമിച്ച് ശ്രമിക്കുകയാണ്.
മരുന്നുത്പാദനം ഏറ്റവും കൂടിയ തോതിലാണ് നടക്കുന്നത്. 12 കോടിക്ക് പുറത്ത് ഡോസ് വാക്‌സിൻ ഇതുവരെ നൽകി കഴിഞ്ഞു. മെയ് 1മുതൽ 18വയസ്സിന് മുകളിലുള്ള എല്ലാവർക്കും വാക്‌സിൻ നൽകും. ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന വാക്സിന്റെ പകുതി ഇന്ത്യയിൽ തന്നെ വിതരണം ചെയ്യും. ആശുപത്രികളിലെ കിടക്കകളുടെ എണ്ണം വർധിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നു. ചില നഗരങ്ങളിൽ, വലിയ കൊറോണ ആശുപത്രികൾ നിർമ്മിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.
കൊറൊണയുടെ രണ്ടാം വരവിനെ നേരിടാൻ രാജ്യം സജ്ജമാണ്. കഴിഞ്ഞ തവണ കൊറൊണയെ നേരിടാൻ യാതൊരു സംവിധാനവും രാജ്യത്ത് ഇല്ലായിരുന്നു. എന്നാൽ ഇപ്പോൾ ആ നിലയിൽ നിന്നും ഒരുപാട് മുന്നോട്ട് പോയെന്നും മോദി ചൂണ്ടിക്കാട്ടി. കൊറോണക്കെതിരെ രാജ്യം വലിയ പോരാട്ടം നടത്തുന്നു. ആരോഗ്യപ്രവർത്തകർ കുടുംബത്തെ പോലും മറന്ന് കൊറോണക്കെതിരെ പോരാടുകയാണ്.
കഴിഞ്ഞ വർഷം കുറച്ച് കൊറൊണ കേസുകൾ വന്നപ്പോൾ തന്നെ രാജ്യത്തെ വാക്സീനായുള്ള ഗവേഷണം ആരംഭിച്ചിരുന്നു, പകലും രാത്രിയുമില്ലാതെ അധ്വാനിച്ചാണ് നമ്മുടെ ശാസ്ത്രജ്ഞർ രാജ്യത്തിനായി വാക്സീൻ വികസിപ്പിച്ചത്. ലോകത്ത് തന്നെ എറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ത്യയിൽ വാക്സീൻ ലഭ്യമാകുന്നത്. രണ്ട് മെയ്ഡ് ഇൻ ഇന്ത്യ വാക്സീനുകളുമായി ലോകത്തെ തന്നെ എറ്റവും വലിയ വാക്സിനേഷൻ പദ്ധതിയാണ് രാജ്യത്ത് പുരോഗമിക്കുന്നത്.
നമ്മുടെ കൊറോണ മുന്നണിപ്പോരാളികളേയും വലിയ തോതിൽ മുതിർന്ന പൗരൻമാരെയും ഇതിനോടകം വാക്സീനേറ്റ് ചെയ്ത് കഴിഞ്ഞു. ഇന്നലെ സുപ്രധാനമായ മറ്റൊരു തീരുമാനവും എടുത്തു. രാജ്യത്തെ 18 വയസിന് മുകളിൽ പ്രായമുള്ള മുഴുവൻ ആളുകൾക്കും വാക്സിൻ നൽകാൻ പോകുകയാണ്.
രാജ്യത്ത് നിർമ്മിക്കുന്ന വാക്സീനുകളിൽ പകുതി സംസ്ഥാനങ്ങൾക്ക് നേരിട്ട് വാങ്ങാം. നമ്മുടെയെല്ലാം പ്രവർത്തനം ജീവൻ രക്ഷിക്കാനായാണ്. കൊറോണ ആരംഭിക്കുമ്പോൾ കുറേ അധികം പരിമിതികളുണ്ടായിരുന്നു. ആരോഗ്യസംവിധാനങ്ങൾ കൊറോണ നേരിടാൻ പര്യാപ്ത്മായിരുന്നില്ല. പിപിഇ കിറ്റി നിർമ്മാണത്തിന് സംവിധാനമുണ്ടായിരുന്നില്ല.എങ്ങനെ ചികിത്സിക്കണമെന്ന് അറിയിലില്ലായിരിുന്നു. ഇപ്പോൾ അതിനൊക്കെ മാറ്റം വന്നിട്ടുണ്ട്.
കൊറോണ രണ്ടാം തരംഗത്തിൽ രാജ്യത്ത് ഓക്സിജൻ ക്ഷാമം നേരിടുന്നുണ്ട്. ഓക്സിജൻ ലഭ്യത ഉറപ്പ് വരുത്താൻ സംസ്ഥാന സർക്കാരുകളും കേന്ദ്ര സർക്കാരും പരിശ്രമിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.