ന്യൂഡെൽഹി: മുല്ലപ്പെരിയാർ അണക്കെട്ടു നിലനിൽക്കുന്നതിനു കാരണമായ പാട്ടക്കരാർ റദ്ദ് ചെയ്യാൻ വേണ്ട നിർദേശങ്ങൾ കേരള സർക്കാരിന് നൽകണമെന്ന് ആവശ്യപ്പെട്ടു ‘സുരക്ഷ പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ്’ സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതിയിൽ വാദം ഈ മാസം 22 ന് നടക്കും.കേരള – തമിഴ്നാട് സർക്കാരുകൾക്കും, കേന്ദ്ര ജല കമ്മീഷനും നോട്ടീസ് അയക്കുവാൻ സുപ്രീം കോടതി മാർച്ച് 19ന് ഉത്തരവ് നല്കിയിരുന്നു.
കരാർ വ്യവസ്ഥ അനുസരിച്ചു പാട്ടക്കാരന്റെ ഭാഗത്തു നിന്നു വീഴ്ച ഉണ്ടായാൽ കരാർ റദ്ദാക്കാനുള്ള അവകാശം ഭൂവുടമക്ക് കരാർ നൽകുന്നുണ്ട്. 2014-ലെ സുപ്രീം കോടതി വിധിയിൽ മുല്ലപ്പെരിയാർ അണക്കെട്ടിനെ സുരക്ഷിതമായി നിലനിർത്തുന്നതിനു അടിയന്തിരമായി നിർദേശിച്ച അറ്റകുറ്റപ്പണികൾ യാതൊന്നും ഇതുവരെയും ചെയ്തിട്ടില്ലന്ന് വിവരാവകാശ നിയമം അനുസരിച്ചു സുപ്രീം കോടതി നിയമിച്ച മേൽനോട്ട സമിതി ‘സുരക്ഷ പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ്’ന് നൽകിയ മറുപടിയിൽ വ്യക്ത്തമാക്കിയിരുന്നു.
ഭൂമികുലുക്കം മുതലായ അടിയന്തിര സാഹചര്യങ്ങളിൽ ഡാമിൽനിന്ന് അതിവേഗം വെള്ളം ഒഴുക്കികൊണ്ട് ദുരന്തവ്യാപ്തി കുറക്കാനായി നിർദേശിച്ച ടണലിന്റെ നിർമ്മാണവും ഇതുവരെ തുടങ്ങിയിട്ടില്ലെന്നു മേൽനോട്ട സമിതി ട്രസ്റ്റിനെ രേഖമൂലം അറിയിച്ചിരുന്നു.
പാട്ടക്കരാർ വ്യവസ്ഥ അനുസരിച്ചു ഡാമിന്റെ ഉപജോലികളെല്ലാം നിർവഹിക്കേണ്ടത് തമിഴ്നാടിന്റെ ബാധ്യതയാണ്. സുപ്രീം കോടതി നിർദേശിച്ച മേൽപറഞ്ഞ രണ്ടു കാര്യങ്ങളും ചെയ്യാതിരുന്നത് ആയതിനാൽ പാട്ടക്കരാർ വ്യവസ്ഥകളുടെ ലംഘനം ആണെന്നും, ആയതിനാൽ കരാർ വ്യവസ്ഥ അനുസരിച്ചു പാട്ടക്കരാർ റദ്ദാക്കണം എന്നാവശ്യപ്പെട്ടു ‘സുരക്ഷ’ കേരള മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും നിവേദനങ്ങൾ നൽകിയിരുന്നു. കേരളത്തിലെ അഞ്ചു ജില്ലകളെയും, അവിടെ താമസിക്കുന്ന നാൽപതു ലക്ഷത്തോളം വരുന്ന ആളുകളുടെ ജീവനും സ്വത്തിനും നാശം നേരിടാൻ സാധ്യതയുള്ള ഒരു വൻവിപത്ത് ഒഴിവാക്കാൻ കേരള സർക്കാർ യാതൊരു നടപടിയും സ്വീകരിക്കാത്തതിനാലാണ് ‘സുരക്ഷ’ നിയമനടപടി സ്വീകരിച്ചത്.
125 വർഷം പഴക്കമുള്ള ഡാം തകർന്നാൽ ഉണ്ടാക്കാനിടയുള്ള ദുരന്തത്തിന്റെ ആഘാതം കുറക്കാനായി 2010-ൽ ജീയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ നിർദേശിച്ച സ്ഥലത്തു കേരളീയരുടെ വിലപ്പെട്ട ജീവൻ സംരക്ഷിക്കാൻ സംരക്ഷണ ഭിത്തി നിർമ്മിക്കാൻ കേരള സർക്കാരിന് നിർദേശം നൽകണമെന്നും ‘ സുരക്ഷ പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ് ‘സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ചെയർമാൻ അഡ്വ.സോണു അഗസ്റ്റിൻ അറിയിച്ചു.