തൃശ്ശൂർ : ആഘോഷങ്ങൾ ഒഴിവാക്കുന്നതിൻ്റെ ഭാഗമായി ഇത്തവണ ഒരാനപ്പുറത്ത് മാത്രമായിട്ടാകും തൃശ്ശൂർ പൂരത്തിന്‍റെ ഭാഗമായുള്ള ഘടകപൂരങ്ങളും നടത്തുക. എട്ട് ഘടകപൂരങ്ങളും ഓരോ ആനകളുമായി മാത്രമാകും പൂരത്തിനെത്തുക. ഓരോ ഘടകപൂരങ്ങൾക്കുമൊപ്പം 50 പേരെ മാത്രമേ അനുവദിക്കൂ. എട്ട് പൂരങ്ങളുടെയും ഭാഗമായി നാനൂറ് പേർ മാത്രമേ പരമാവധി പൂരപ്പറമ്പിലെത്തൂ.
ഘടകപൂരങ്ങൾക്കൊപ്പം എത്തുന്നവർക്ക് കൊറോണ ആർടിപിസിആർ പരിശോധന നിർബന്ധമാണ്. പൂരവിളംബരത്തിനും 50 പേരെ മാത്രമേ അനുവദിക്കൂ. ആഘോഷം വേണ്ട, ഇത്തവണ ചടങ്ങുകൾ മാത്രം മതിയെന്നാണ് ഘടകക്ഷേത്രങ്ങളുടെ തീരുമാനം.
ജില്ലാ കളക്ടറുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമുണ്ടായത്. കടുത്ത നിയന്ത്രണങ്ങളോടെ കാണികളെ ഒഴിവാക്കി സംഘാടകരെ മാത്രം നിലനിർത്തി പൂരം നടത്താനാണ് ഇന്നലെ ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിൽ ധാരണയായിരുന്നത്. ഈ വർഷം പൂരം ചമയപ്രദർശനം ഉണ്ടാവില്ല. ഇത്തവണ സാമ്പിൾ വെടിക്കെട്ടിൽ ഒരു കുഴി മിന്നൽ മാത്രമേ ഉണ്ടാകൂ.
24 ന് പകൽപ്പൂരം വേണ്ടെന്ന് തീരുമാനിച്ചിരുന്നു. കുടമാറ്റത്തിന്‍റെ സമയം വെട്ടിക്കുറയ്ക്കും. പൂരപ്പറമ്പിൽ സംഘാടകർ മാത്രമേ ഉണ്ടാകൂ. അവിടേക്ക് കാണികൾക്ക് പ്രവേശനം നിരോധിച്ചിട്ടുണ്ട്.
പ്രധാനവെടിക്കെട്ട് നിയന്ത്രണങ്ങളോടെ മാത്രമാകും നടത്തുക. ഘടകപൂരങ്ങളുണ്ടാകും. ഇതിന്‍റെ സംഘാടകർക്കും പൂരപ്പറമ്പിലേക്ക് പ്രവേശിക്കാം. മഠത്തിൽവരവും ഇലഞ്ഞിത്തറ മേളവും ഇത്തവണ ഉണ്ടാകും.
പൂരപ്പറമ്പിൽ കയറുന്ന സംഘാടകർക്കും മാധ്യമപ്രവർത്തകർക്കും കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണം. ഇല്ലെങ്കിൽ രണ്ട് ഡോസ് വാക്സീനും സ്വീകരിച്ചിരിക്കണം.
പൂരം നടത്തിപ്പിന്‍റെ ചുമതല, ഡിഎംഒ, കമ്മീഷണർ, കളക്ടർ എന്നിവർക്കാണ് നൽകിയിരിക്കുന്നത്. നിയന്ത്രണങ്ങൾ നടപ്പാക്കുന്നത് സമ്മതമെന്ന് പാറമേക്കാവും തിരുവമ്പാടിയും അറിയിച്ചു.