തിരുവനന്തപുരം: കൊറോണ വ്യാപനം കണക്കിലെടുത്ത് സംസ്ഥാനത്ത് നാളെ മുതൽ രാത്രി കർഫ്യു പ്രഖ്യാപിച്ചു. രാത്രി 9 മുതൽ 5 വരെയാണ് കർഫ്യു പ്രഖ്യാപിച്ചിരിക്കുന്നത്.വൈകീട്ട് നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. വർക്ക് ഫ്രം ഹോം നടപ്പാക്കും. പൊതു ഗതാഗതത്തിന് നിയന്ത്രണം ഉണ്ടായിരിക്കില്ല.
സ്വകാര്യ ട്യൂഷൻ സെന്‍റർ പ്രവര്‍ത്തിക്കാന്‍ പാടില്ല. ഓൺലൈൻ ക്ലാസുകൾക്ക് മാത്രമേ അനുവാദം ഉള്ളൂ. സിനിമ തീയേറ്റർ രാത്രി വരെ മാത്രമേ പ്രവര്‍ത്തിക്കാവൂ എന്നും നിര്‍ദ്ദേശമുണ്ട്. വിശദമായ ഉത്തരവ ചീഫ് സെകട്ടറി ഉടൻ ഇറക്കും.
അതേസമയം, കൊറോണ കൂട്ടപ്പരിശോധനയുടെ കൂടുതൽ ഫലങ്ങൾ ഇന്ന് പുറത്തുവരുന്നതോടെ സംസ്ഥാനത്തെ രോഗ ബാധിതരുടെ എണ്ണം ലക്ഷം കടക്കുമെന്നാണ് സൂചന. രോഗ ബാധ കുത്തനെ കൂടുന്ന എറണാകുളം, കോഴിക്കോട് അടക്കം ജില്ലകളിൽ നിയന്ത്രണങ്ങൾ കര്‍ക്കശമാക്കി.
ചികിത്സയിലുള്ള രോഗ ബാധിതര്‍ ലക്ഷം കടക്കുന്നതോടെ കിടത്തി ചികിത്സ ആവശ്യമായവരുടേയും രോഗം ഗുരുതരമാകുന്നവരുടേയും എണ്ണം കൂടുമെന്നാണ് കണക്കുകൂട്ടൽ. അങ്ങനെ വന്നാൽ സര്‍ക്കാര്‍ മേഖലയില്‍ കൊറോണ ഇതര ചികിത്സകൾ പരിമിതപ്പെടുത്തും.
അതേസമയം, വാക്സീൻ ക്ഷാമം തുടരുന്നതിനാല്‍ രോഗ വ്യാപന തീവ്രത കുറയാൻ ലക്ഷ്യമിട്ടുളള മെഗാ വാക്സിനേഷൻ ക്യാംപുകള്‍ ഭൂരിഭാഗവും മുടങ്ങി.