കൊച്ചി: മകളെ കൊലപ്പെടുത്തിയ ക്രൂരനായ സനു മോഹൻ എന്ന കുറ്റവാളിയുടെ ലക്ഷ്യം ഭാര്യയ്ക്ക് ഒരിക്കലും മറക്കാത്ത വേദന നൽകുക എന്നതായിരുന്നുവെന്ന് പോലീസ്. വൈഗയെ കൊലപ്പെടുത്തിയ സനു മോഹൻ യാതൊരു കുറ്റബോധവുമില്ലാതെയാണ് നാടുവിട്ടത്. ഒപ്പം പിടിക്കപ്പെടാതിരിക്കാൻ ക്രിമിനൽ ബുദ്ധിയോടെയായിരുന്നു ഓരോ നീക്കങ്ങളും.
ഭാര്യയുമായുള്ള അകൽച്ചയുടെ കാരണങ്ങള്‍ വിശദമായ ചോദ്യംചെയ്യലിലേ വ്യക്തമാകൂ. ഇന്നു സിറ്റിപോലീസ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നാണു അറിയിച്ചിട്ടുള്ളത്.സനുവിന്റെ ഭാര്യയെ ചോദ്യം ചെയ്തപ്പോള്‍ അവര്‍ മാനസികമായി തകര്‍ന്ന അവസ്ഥയിലായിരുന്നു. അതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിരുന്നില്ല.
കുറച്ചുനാളായി വിട്ടിലെത്തിയാല്‍ മുറിയ്ക്കകത്തു കയറി വാതിലടച്ചിരിക്കുക പതിവായിരുന്നുവെന്നു ഭാര്യ മൊഴി നല്‍കിയിട്ടുണ്ട്. ബുദ്ധിമാനായ കുറ്റവാളിയാണു സനുവെന്നു അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. പിടിയിലാകുംവരെയുള്ള ഓരോ നീക്കവും അതാണു കാണിക്കുന്നത്. എല്ലായിടത്തും സംശയത്തിനിടനല്‍കാതെ, കുറ്റബോധമില്ലാതെ സ്വാഭാവികമായി പെരുമാറാന്‍ കഴിഞ്ഞതും അതുകൊണ്ടാണ്.
വൈഗയുടെ മരണത്തിന് പിന്നിൽ താനാണെന്ന് ഇയാൾ മൊഴി നൽകിയതായാണ് വിവരം. മകളോടൊപ്പം ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതി. എന്നാൽ മകളെ മുട്ടാർ പുഴയിൽ തള്ളിയെങ്കിലും തനിക്ക് ആത്മഹത്യ ചെയ്യാനായില്ലെന്ന് ഇയാൾ പറഞ്ഞു. എന്നാൽ ഇയാളുടെ മൊഴികളിൽ പൊരുത്തക്കേടുകളുണ്ടെന്ന് അന്വേഷണ സംഘം പറയുന്നു.
പിടിയിലായ സനു മോഹന്റെ മൊഴി ഇങ്ങിനെ
കടബാധ്യത പെരുകിയപ്പോൾ മകളുമൊത്ത് മരിക്കാൻ തീരുമാനിച്ചു. തനിയെ മരിച്ചാൽ മകൾ അനാഥയാകുമെന്ന് കരുതി. കൊച്ചിയിലെ ഫ്ളാറ്റിലെത്തി ഒരുമിച്ച് മരിക്കാൻ പോവുകയാണെന്ന് മകളോട് പറഞ്ഞു. അമ്മെ അമ്മയുടെ വീട്ടുകാർ നോക്കിക്കോളുമെന്ന് പറഞ്ഞ്. പൊട്ടിക്കരഞ്ഞ് ഫ്ലാറ്റിൽ നിന്ന് പുറത്തേക്ക് കടക്കാൻ ശ്രമിച്ച വൈഗയെ കെട്ടിപ്പിടിച്ച് മുഖം സ്വന്തം ശരീരത്തോട് ചേർത്ത് അമർത്തി ശ്വാസം മുട്ടിച്ചു. ശരീരത്തിന്‍റെ ചലനം നിലയ്ക്കുന്നത് വരെ അങ്ങനെ ചെയ്തു.
വൈഗയുടെ മൂക്കിൽ നിന്ന് രക്തം ഒഴുകി. ഇത് ബെഡ് ഷീറ്റ് ഉപയോഗിച്ച് തുടച്ചു. തുടർന്ന് മകളെ ബെഡ് ഷീറ്റിൽ പൊതിഞ്ഞ് കാറിൽ കിടത്തി. മകളുമായി മുട്ടാർ പുഴയുടെ കൽക്കെട്ടിലെത്തി. വൈഗയെ കൈയിലെടുത്ത് പുഴയിലേക്ക് താഴ്ത്തി. മരിച്ചെന്ന് കരുതിയാണ് അങ്ങനെ ചെയ്തത്. എന്നാൽ ഭയം കാരണം തനിക്ക് ആത്മഹത്യ ചെയ്യാനായില്ല. തുടർന്ന് ബാംഗ്ലൂരും ഗോവയിലും മൂകാംബികയിലും പോയി. കൈയ്യിലുണ്ടായിരുന്ന പണം പനാജിയിൽ ചൂതുകളിച്ച് കളഞ്ഞു. ഒളിവിൽ പോയതല്ല മരിക്കാൻ പോയതാണ്. യാത്രക്കിടെ പലതവണ ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും നടന്നില്ല.
പൊലീസ് നിഗമനം ഇങ്ങനെ
ഫ്ലാറ്റിൽ വെച്ച് ശ്വാസം മുട്ടിച്ചെങ്കിലും വൈഗ മരിച്ചിരുന്നില്ല. ബോധ രഹിതയായ വൈഗ മരിച്ചെന്ന് സനു മോഹൻ കരുതി. വെള്ളത്തിൽ എറിയുമ്പോൾ വൈഗ അബോധാവസ്ഥയിലായിരുന്നു. മരിച്ചിരുന്നില്ല. വെള്ളത്തിൽ വീണ ശേഷമാണ് മരണം സംഭവിച്ചത്. ആന്തരികാവയവങ്ങളിൽ വെള്ളമെത്തിയത് ഇങ്ങിനെയാവാം. വൈഗയുടെ മരണം മുങ്ങിമരണമെന്നായിരുന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.
സനു മോഹന്റെ മൊഴിയുടെ വിശ്വാസ്യത പരിശോധിക്കുകയാണ് പൊലീസ് സംഘം. കൊച്ചിയിൽ രഹസ്യ കേന്ദ്രത്തിൽ സനു മോഹനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. കേരള പൊലീസ് തന്നെയാണ് സനു മോഹനെ പിടികൂടിയതെന്ന് അന്വേഷണ സംഘം അവകാശപ്പെട്ടു.
മൂകാംബികയിൽ നിന്ന് ഗോവ ലക്ഷ്യമാക്കിയാണ് സനുമോഹൻ സഞ്ചരിച്ചത്. കാർവാറിലെ ബീച്ച് പരിസരത്ത് നിന്ന് സനു മോഹനെ മൂന്നംഗ സംഘമാണ് പിടികൂടിയതെന്നും അന്വേഷണ സംഘത്തിൽ നിന്ന് വിവരം കിട്ടി.
കേസിൽ സനു മോഹന്‍റെ അറസ്റ്റ് ഇന്ന് ഉണ്ടാകും. മകളുടെ മരണത്തിന് പിറകെ ഒളിവിൽപോയ സനു മോഹനനെ ഇന്നലെ പുലർച്ചെയാണ് മൂകാംബികയിൽ നിന്ന് കാർവാറിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ കർണ്ണാടക പോലീസിന്‍റെ സഹായത്തോടെ പിടികൂടിയത്. രാത്രിയോടെ കൊച്ചിയിൽ എത്തിച്ച സനു മോഹനെ പ്രത്യേക സംഘം ചോദ്യം ചെയ്ത് വരികയാണ്.
ഇന്ന് രാവിലെ 11 മണിയോടെ കേസിന്‍റെ ദുരൂഹതകൾ നീക്കി കൊച്ചി സിറ്റി പോലീസ് കമ്മീഷണർ മാധ്യമങ്ങളെ കാണും. മാർച്ച് 21 ന് വൈകിട്ടാണ് എറണാകുളം കങ്ങരപ്പടിയിലെ ഫ്ലാറ്റിൽ നിന്ന് അച്ഛനെയും മകളെയും കാണാതാകുന്നത്. ബന്ധുവിന്‍റെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിനിടെയാണ് 13 വയസ്സുള്ള വൈഗയുടെ മൃതദേഹം മുട്ടാർ പുഴയിൽ നിന്ന് മാർച്ച് 22 ന് ഉച്ചയോടെ കണ്ടെത്തിയത്. എന്നാൽ സനു മോഹനൻ എവിടെ എന്നത് സബന്ധിച്ച് പോലീസിന് വിവരമൊന്നും ലഭിച്ചില്ല. തുടർന്ന് പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ സനു മോഹനനും പിടിയിലായത്.
സനു മോഹൻ കൊല്ലൂരിൽ ഒരു സംഘവുമായി കൂടിക്കാഴ്ച നടത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്. നാട്ടുകാരിൽ നിന്നു ലഭിച്ച വിവരമാണിത്. തുടർന്ന് അത് സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്.
കൊല്ലൂരിൽ സനു താമസിച്ച ലോഡ്ജിൽനിന്ന് നിന്ന് 200 മീറ്റർ മാറി കുടജാദ്രി റോഡിലെ ജംക്‌ഷനിൽ റോഡരികിൽ ഏറെനേരം ഈ സംഘവുമായി സംസാരിച്ചു നിന്നു. തുടർന്ന് അവിടെ നിന്ന് ഓട്ടോയിൽ കയറി പോയതായും അൽപ സമയത്തിനു ശേഷം തിരിച്ചെത്തിയതായും പറയുന്നു. ഏതെങ്കിലും വിധത്തിൽ സനു മോഹനെ സഹായിച്ചിരുന്നവരാണോ ഇവരെന്ന സംശയവും ഉയർന്നിട്ടുണ്ട്.
എന്നാൽ സനു മോഹൻ പിടിയിലായിട്ടും കേസ് റജിസ്റ്റർ ചെയ്ത തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ കാര്യമായ ചലനങ്ങൾ ഇല്ല. മുഴുവൻ നടപടികളും ഡപ്യൂട്ടി പൊലീസ് കമ്മിഷണറുടെയും അസി.പൊലീസ് കമ്മിഷണറുടെയും ഓഫിസുകളിലാണ് ഏകോപിപ്പിക്കുന്നത്. സനു മോഹൻ പിടിയിലായത് സംബന്ധിച്ചു മാധ്യമങ്ങളിൽ നിന്നുൾപ്പെടെ ഒട്ടേറെ അന്വേഷണങ്ങൾ തൃക്കാക്കര സ്റ്റേഷനിൽ എത്തിയെങ്കിലും പൊലീസുകാർക്ക് ഇതു സംബന്ധിച്ചു കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല.
കഴിഞ്ഞ 21ന് വൈഗയുടെ മൃതദേഹം മുട്ടാർ പുഴയിൽ കണ്ടെത്തിയ കേസ് കളമശേരി പൊലീസാണ് റജിസ്റ്റർ ചെയ്തത്. അതിന്റെ തലേന്നാൾ വൈഗയേയും പിതാവ് സനു മോഹനെയും കാണാനില്ലെന്ന പരാതി തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ ലഭിച്ചിരുന്നു. ഇവർ താമസിച്ചിരുന്ന ഫ്ലാറ്റ് കങ്ങരപ്പടിയിൽ തൃക്കാക്കര പൊലീസിന്റെ പരിധിയിലായതിനാലാണ് പരാതി ഇവിടെ നൽകിയത്. അതോടെ സനു മോഹനെ കണ്ടെത്താനുള്ള അന്വേഷണ ചുമതല തൃക്കാക്കര പൊലീസിനായി.
ആദ്യ ഒരാഴ്ച അന്വേഷണം മുന്നോട്ടു നീങ്ങിയപ്പോഴേക്കും തൃക്കാക്കര അസിസ്റ്റന്റ് പൊലീസ് കമ്മിഷണറുടെ സ്ക്വാഡിന് അന്വേഷണച്ചുമതല കൈമാറുകയായിരുന്നു. തൃക്കാക്കര ഇൻസ്പെക്ടർ ഒഴികെ പൊലീസ് സ്റ്റേഷനിലെ മറ്റു പൊലീസുകാർക്ക് അന്വേഷണത്തിൽ കാര്യമായ പങ്കാളിത്തമില്ലാത്ത അവസ്ഥയായി.
പിന്നീടുള്ള ഓരോ നീക്കവും ഡപ്യൂട്ടി പൊലീസ് കമ്മിഷണറും അസിസ്റ്റന്റ് പൊലീസ് കമ്മിഷണറും നേരിട്ടാണ് നടത്തിയത്. ഇന്നലെ സനു മോഹൻ പിടിയിലായ വിവരം ചാനലുകളിലൂടെ അറിഞ്ഞതല്ലാതെ തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ ഔദ്യോഗികമായി വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല.
കാർവാറിലെത്തിയത് 3 വാഹനം മാറിക്കയറി
കൊല്ലൂർ: ഏപ്രിൽ 16നു രാവിലെ കൊല്ലൂരിൽ നിന്നു മുങ്ങിയ സനു മോഹൻ കാർവാറിലേക്കുള്ള യാത്രയ്ക്കിടെ 3 തവണ വാഹനം മാറിക്കയറി. അന്വേഷണ സംഘം പിന്തുടർന്നെത്തിയാൽ അവരുടെ വഴി തെറ്റിക്കുന്നതിനുള്ള ശ്രമമാണ് ഇതിനു പിന്നിലെന്നാണു കരുതുന്നത്. രാവിലെ ടൂറിസ്റ്റ് ഹോമിൽ നിന്നിറങ്ങിയ സനു 2 ബസുകൾ മാറിക്കയറിയാണു കുന്താപുരം വഴി ഉഡുപ്പിയിൽ എത്തിയത്. ഉഡുപ്പിയിൽ നിന്നു കാറിൽ തിരികെ കുന്താപുരം വഴി കാർവാറിൽ എത്തി.
ഗോവയിലേക്കു കടക്കാനായിരുന്നു പദ്ധതി എന്നാണു സൂചന. ഹോട്ടലുകളിൽ മുറിയെടുത്താൽ പിടിക്കപ്പെടാനുള്ള സാധ്യത മുൻകൂട്ടിക്കണ്ടാവാം കാർവാറിൽ തൊഴിലാളികളുടെ ഷെഡിൽ കഴിഞ്ഞതെന്നും കരുതുന്നു.
പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വൈഗയുടെ (13) പിതാവ് സനു മോഹനെ തിരഞ്ഞു പൊലീസ് കേരളത്തിലും തമിഴ്നാട്ടിലും കർണാടകയിലുമായി അന്വേഷണം നടത്തിയത് അറുപതോളം ഹോട്ടലുകളിലും 16 വീടുകളിലും. തിരുവനന്തപുരം മുതൽ പാലക്കാട് വരെയുള്ള ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലും സനുവിനെ തിരഞ്ഞു പൊലീസെത്തി. കോയമ്പത്തൂരിൽ മാത്രം നാൽപതിലധികം കേന്ദ്രങ്ങളിൽ പൊലീസ് പരിശോധന നടത്തി. ചെന്നൈയിലും ചില ഹോട്ടലുകൾ പരിശോധിച്ചു.
ഇരുപതോളം സ്ഥലങ്ങളിലെ സിസിടിവി ക്യാമറ പരിശോധിച്ചു. പലയിടങ്ങളിലും സനുവിനെ പരിചയമുള്ളവരെ കണ്ടുമുട്ടിയെങ്കിലും അടുത്ത കാലത്തെങ്ങും സനു ഇവരുമായി അടുപ്പം പുലർത്തിയതിനു തെളിവു ലഭിച്ചില്ല. സൈബർ വിഭാഗത്തിന്റെ സഹായത്തോടെ ആയിരക്കണക്കിനു ഫോൺ നമ്പറുകളാണ് പൊലീസ് പരിശോധിച്ചത്. തൃക്കാക്കര പൊലീസിന്റെ 6 സംഘങ്ങൾ 4 ആഴ്ചകളായി നടത്തിയ അന്വേഷണത്തിനൊടുവിലാണു സനു പിടിയിലായത്.
മലയാളം, തമിഴ്, ഇംഗ്ലിഷ്, മറാഠി, കന്നഡ, ഹിന്ദി ഭാഷകളിലായി നോട്ടിസ് പുറത്തിറക്കി. രാജ്യം വിടാതിരിക്കാൻ വിമാനത്താവളങ്ങളിൽ തിരച്ചിൽ സർക്കുലറുകളും നൽകി.
പുണെ പൊലീസ് എത്തിയേക്കും
സനു മോഹനെതിരെ പുണെയിൽ സാമ്പത്തിക തട്ടിപ്പു കേസുകൾ നിലവിലുള്ളതിനാൽ ചോദ്യം ചെയ്യാൻ പുണെ പൊലീസും കൊച്ചിയിൽ എത്തിയേക്കും. വർഷങ്ങൾക്കു മുൻപു സനു പുണെയിൽ ബിസിനസ് നടത്തിയിരുന്നു. പുണെയ്ക്കു പുറമേ ചെന്നൈയിലും കേരളത്തിലുമായി ഒട്ടേറെപ്പേർ സനുവിന്റെ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നും പറയപ്പെടുന്നു.
ഏതുസമയവും മാർവാഡി സംഘം തന്നെ പിടിച്ചു കൊണ്ടുപോകാൻ സാധ്യതയുണ്ടെന്നു ബന്ധുക്കളോടു സനു നേരത്തെ പറഞ്ഞിരുന്നു. സഹോദരൻ വഴിയാണ് സനു പുണെയിൽ എത്തുന്നത്. അവിടെ തട്ടിപ്പുകൾ നടത്തിയതോടെ സഹോദരൻ ഉൾപ്പെടെയുള്ള ബന്ധുക്കളുമായി അകൽച്ചയിലായി. എറണാകുളം കങ്ങരപ്പടിയിലെ ഫ്ലാറ്റിൽ താമസം തുടങ്ങിയതിനു ശേഷം ആലപ്പുഴയിലെ സ്വന്തം വീട്ടിലേക്ക് സനു പോകാറില്ലായിരുന്നു. ഒളിവിൽ കഴിയുംപോലെയായിരുന്നു 5 വർഷത്തെ സനുവിന്റെ ഫ്ലാറ്റ് ജീവിതമെന്ന് ബന്ധുക്കൾ പറയുന്നു.
കൊല്ലൂരിൽ പൊലീസ് എത്തും മുൻപേ സനു മുങ്ങി
പൊലീസിന് ആശ്വാസം പകരുന്ന സന്ദേശം കൊല്ലൂരിൽനിന്ന് എത്തിയത് വെള്ളി വൈകിട്ട് 5ന്. കൊല്ലൂർ ‘ബീന റസിഡൻസി’യിലെ ജീവനക്കാരും അവിടെ താമസിച്ചിരുന്ന മലയാളികളുമാണു സനുവിനെ കണ്ട വിവരം കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്കു നൽകിയത്. കർണാടക പൊലീസുമായി ഉടൻ ബന്ധപ്പെട്ട കമ്മിഷണർ, ലോഡ്ജിൽ പരിശോധന നടത്തി വ്യക്തത വരുത്തണമെന്ന് അഭ്യർഥിച്ചു.
സനു തന്നെയാണ് അവിടെ താമസിച്ചിരുന്നതെന്നും റജിസ്റ്ററിൽ ചേർത്തിരിക്കുന്നത് അയാളുടെ വിലാസമാണെന്നും കർണാടക പൊലീസ് കണ്ടെത്തി. ആധാർ കാർഡിന്റെ കോപ്പിയും കിട്ടി. രാത്രി തന്നെ തൃക്കാക്കര അസി.പൊലീസ് കമ്മിഷണറുടെ പ്രത്യേക സ്ക്വാഡ് കൊല്ലൂരിലേക്കു തിരിച്ചു. അവിടെയെത്തിയപ്പോഴേക്കും സനു കടന്നുകളഞ്ഞിരുന്നു.
സനു മോഹനെന്ന ക്ലാസിക് ക്രിമിനൽ
സനു മോഹന്റെ അറസ്റ്റിലേക്കു നയിച്ചതു കൊല്ലൂരിലെ ലോഡ്ജിൽ മുറി വാടക നൽകാതെ മുങ്ങിയത്. 6 ദിവസം താമസിച്ച ഇനത്തിൽ വാടകയായ 5,700 രൂപ നൽകിയിരുന്നെങ്കിൽ ഒരുപക്ഷേ, ഇപ്പോഴും അന്വേഷണ സംഘത്തിന് ഇയാളിലേക്ക് എത്താൻ സാധിക്കുമായിരുന്നില്ല.
ഏപ്രിൽ 10നു രാവിലെ 9.30നാണ് കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിനു തൊട്ടടുത്തു കുടജാദ്രി റോഡിലുള്ള ലോഡ്ജിൽ സനു മോഹൻ മുറിയെടുത്തത്. അഡ്വാൻസ് നൽകിയില്ല. 16നു രാവിലെ എട്ടേ മുക്കാലോടെ കൗണ്ടറിനു സമീപത്തെ ബെഞ്ചിലിരുന്നു പത്രം വായിച്ചു. തുടർന്ന് ഉച്ചയ്ക്ക് ഒന്നിനു മുറി ഒഴിയുമെന്ന് അറിയിച്ചു. വൈകിട്ട് 4.45നു മംഗളൂരുവിൽ നിന്നുള്ള വിമാനത്തിൽ മടങ്ങേണ്ടതാണെന്നും വിമാനത്താവളത്തിലേക്കു പോകാൻ കാർ വേണമെന്നും കൗണ്ടറിൽ പറഞ്ഞശേഷം പുറത്തു പോയി. ഈ സമയം കയ്യിൽ ഒരു ചെറിയ ബാഗ് മാത്രം.
ഉച്ചയ്ക്കു കാർ എത്തിയശേഷവും ആൾ തിരിച്ചെത്തിയില്ല. മുറിയെടുക്കുമ്പോൾ നൽകിയ മൊബൈൽ ഫോൺ നമ്പറിൽ വിളിച്ചപ്പോൾ സ്വിച്ച് ഓഫ് ആയിരുന്നു. പ്രവർത്തന രഹിതമായ നമ്പറാണു ലോഡ്ജിൽ നൽകിയിരുന്നത്. തുടർന്ന് ആധാർ കാർഡിലെ വിലാസം കേന്ദ്രീകരിച്ച് ഹോട്ടൽ അധികൃതർ നടത്തിയ അന്വേഷണത്തിലാണ് കേരള പൊലീസ് അന്വേഷിക്കുന്ന ആളാണെന്നു വ്യക്തമായത്.
വിവരം ലഭിച്ചതോടെ കൊച്ചിയിൽനിന്ന് അന്വേഷണ സംഘം ശനിയാഴ്ച കൊല്ലൂരിലെത്തി. ടൂറിസ്റ്റ് ഹോമിൽനിന്നു സിസിടിവി ദൃശ്യങ്ങളും വിവരങ്ങളും ശേഖരിച്ചു. കൊല്ലൂർ ബസ് സ്റ്റാൻഡിൽ നിന്നു സ്വകാര്യ ബസിൽ കയറിയതായും അൽപം മാറി വനമേഖലയിൽ ഇറങ്ങിയതായും നാട്ടുകാരിൽനിന്നു വിവരം ലഭിച്ചു. ഇതോടെ വനം മേഖല കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. കർണാടകയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലേക്കും സന്ദേശം നൽകിയിരുന്നു. ഈ സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ ഉത്തര കന്നഡ ജില്ലയിലെ കാർവാറിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.