കടൽക്കൊലകേസ്; മത്സ്യതൊഴിലാളികൾക്കുള്ള നഷ്ടപരിഹാര തുക കെട്ടിവച്ചാലേ കേസ് അവസാനിപ്പിക്കുവെന്ന് സുപ്രീംകോടതി

ന്യൂഡെൽഹി: ഇറ്റാലിയൻ നാവികര്‍ പ്രതികളായ കടൽക്കൊലകേസിൽ മത്സ്യതൊഴിലാളികളുടെ കുടുംബത്തിന് നൽകേണ്ട നഷ്ടപരിഹാര തുക കെട്ടിവച്ചാലേ കേസ് അവസാനിപ്പിക്കുവെന്ന് സുപ്രീംകോടതി. നഷ്ടപരിഹാര തുക കെട്ടിവയ്ക്കാൻ ഇറ്റലി നടപടി ആരംഭിച്ചുവെന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ, പണം കെട്ടിവച്ചതിന്‍റെ രേഖ കണ്ടാലേ കേസ് അവസാനിപ്പിക്കാൻ കഴിയുവെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

കേരളത്തിലെ കടൽക്കൊല കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ ഹർജി അടുത്ത ആഴ്ച പരിഗണിക്കാനായി മാറ്റിവച്ചു. കൊല്ലപ്പെട്ട മത്സ്യതൊഴിലാളികളുടെ കുടുംബത്തിനും ബോട്ടുടമക്കും നൽകാനുള്ള ‍ 10 കോടി രൂപ കെട്ടിവെച്ചാൽ ഉടൻ കേസ് അവസാനിപ്പിക്കാമെന്ന് നേരത്തെ തന്നെ കോടതി വ്യക്തമാക്കിയിരുന്നു.

പണം നൽകാമെന്ന് ഇറ്റലി കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. മത്സ്യതൊഴിലാളികളുടെ കുടുംബത്തിന് നാല് കോടി രൂപ വീതവും ബോട്ടുടമ ഫ്രഡിക്ക് രണ്ട് കോടി രൂപയുമാണ് നൽകുക.