തിരുവനന്തപുരം: ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ ഏഴ് രോഗികൾക്ക് കൂട്ടത്തോടെ കൊറോണ സ്ഥിരീകരിച്ചതോടെ ഹൃദയ ശസ്ത്രക്രിയാ വിഭാഗം അടച്ചു. ശസ്ത്രക്രിയക്കായി അഡ്മിറ്റായ ഏഴ് രോഗികൾക്കും രണ്ട് ജീവനക്കാർക്കും കൊറോണസ്ഥിരീകരിച്ചതോടെയാണ് ഹൃദയശസ്ത്രക്രിയകൾ നിർത്തിവയ്ക്കാൻ അധികൃതർ തീരുമാനിച്ചത്
ശ്രീചിത്രയിലെ ന്യൂറോ സർജറി വിഭാഗത്തിൽ അടിയന്തരശസ്ത്രക്രിയകൾ മാത്രം നടത്താനാണ് തീരുമാനം. കൊറോണ രണ്ടാം വ്യാപനം രൂക്ഷമായതോടെ, സംസ്ഥാനത്തെ ആശുപത്രികളിലും പ്രതിസന്ധി രൂക്ഷമാവുകയാണ്. തീവ്രപരിചരണവിഭാഗങ്ങളിൽ കിടക്കകൾ സജ്ജമാക്കാനുള്ള തീവ്രശ്രമത്തിലാണ് സംസ്ഥാന ആരോഗ്യവകുപ്പ്.
സംസ്ഥാനത്ത് ഇന്നലെ 18, 257 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. കൊറോണ നിയന്ത്രണത്തിന് ജില്ലകൾക്ക് 5 കോടി രൂപ വീതം സംസ്ഥാനസർക്കാർ അനുവദിച്ചിട്ടുണ്ട്. ജില്ലാ കളക്ടർമാർക്ക് ഈ തുക ആവശ്യാനുസരണം വിനിയോഗിക്കാം. സംസ്ഥാനത്ത് ഇപ്പോഴും വാക്സീൻ ക്ഷാമം രൂക്ഷമായി തുടരുന്നു. ആകെയുണ്ടായിരുന്ന 3 ലക്ഷത്തോളം ഡോസിൽ ഒരു ലക്ഷത്തോളം ഡോസ് ഇന്നലെ ഉപയോഗിച്ചു. ഇന്ന് പൂർണതോതിൽ വാക്സീൻ നൽകണമെങ്കിൽ 2 ലക്ഷത്തിലേറെ ഡോസ് വേണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു.
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്നവർക്ക് ആർടിപിസിആർ ഫലം നിർബന്ധമാക്കിയിരിക്കുകയാണ് സംസ്ഥാനം. ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ 14 ദിവസം മുറിയിൽ ക്വാറൻറൈനിൽ കഴിയണം. വരുന്ന എല്ലാവരും ഇ- ജാഗ്രത പോർട്ടലിൽ റജിസ്റ്റർ ചെയ്യണം. വാക്സീൻ എടുത്തവരാണെങ്കിലും 48 മണിക്കൂർ മുമ്പത്തെ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണം. അല്ലാത്തവർ കേരളത്തിലെത്തിയാൽ ഉടൻ പരിശോധന നടത്തണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്.