വൈഗയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ഒളിവിലായിരുന്ന പിതാവ് സനു മോഹന്‍ പിടിയില്‍

ബെംഗളൂരു: മുട്ടാര്‍ പുഴയില്‍ 13 കാരി വൈഗയെന്ന പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒളിവിലായിരുന്ന പിതാവ് സനു മോഹന്‍ പിടിയിലായി. കര്‍ണാടകയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. സനു മോഹന്‍ പിടിയിലായെന്ന് ദി എഡിറ്റേഴ്‌സ് ലൈവ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൊല്ലൂര്‍ മൂകാംബികയിലെ ലോഡ്ജില്‍നിന്നുള്ള സനുവിന്റെ ദൃശ്യങ്ങള്‍ ലഭിച്ചതിന് പിന്നാലെ കര്‍ണാടകയില്‍ നടത്തിയ വ്യാപക തിരച്ചിലിനൊടുവിലാണ് ഇയാള്‍ പിടിയിലായത്.

പിടിയിലായ സനുവിനെ കേരളത്തില്‍ നിന്നുള്ള അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. ഇന്ന് രാത്രിയോടെയോ, നാളെ രാവിലെയോ കൊച്ചിയിലെത്തിക്കും. വനമേഖലയില്‍ നിന്നാണ് സനുവിനെ കര്‍ണാടക പൊലീസ് പിടികൂടിയത്.

മാര്‍ച്ച് 20നാണ് സനു മോഹനെയും മകള്‍ വൈഗയെയും (13) കാണാതായത്. പിറ്റേന്ന് വൈഗയെ മുട്ടാര്‍ പുഴയില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സനുവും ആത്മഹത്യ ചെയ്തതാകാം എന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ കാര്‍ കോയമ്പത്തൂരില്‍ നിന്ന് കണ്ടെത്തി.

രണ്ടാഴ്ചയോളം തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതിനെടെയാണ് ഇയാള്‍ മൂംകാംബിയിലെ ഹോട്ടലില്‍ താമസിച്ചതിന്റെ വിവരങ്ങള്‍ പുറത്തുവന്നത്. ഏപ്രില്‍ 10 മുതല്‍ 16 രാവിലെ 8.45 വരെ സനുമോഹന്‍ ലോഡ്ജില്‍ താമസിച്ചിരുന്നതെന്ന് ഹോട്ടല്‍ ജീവനക്കാര്‍ വ്യക്തമാക്കിയിരുന്നു.

മുറിയുടെ വാടക അവസാനം ഒറ്റത്തവണയായി കാര്‍ഡ് പെയ്‌മെന്റിലൂടെ നല്‍കാമെന്ന് പറഞ്ഞു. ജീവനക്കാര്‍ ഇത് വിശ്വസിക്കുകയും ചെയ്തു. താമസിച്ച ആറ് ദിവസവും ഇയാള്‍ മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നതായും ജീവനക്കാര്‍ പറഞ്ഞു. വെള്ളിയാഴ്ച രാവിലെ ഹോട്ടല്‍ വിട്ട സനു, വനപ്രദേശത്ത് നീങ്ങിയതായി പൊലീസിന് സൂചന ലഭിച്ചിരുന്നു. വിമാന താവളങ്ങളില്‍ ഉള്‍പ്പെടെ കര്‍ണാടക പൊലീസിന്റെ സഹായത്താല്‍ വ്യാപക തെരച്ചിലാണ് അന്വേഷണ സംഘം നടത്തിയത്

കൊല്ലൂരിലെ ലോഡ്ജിലും മറ്റുമായി ഒരാഴ്ചയിലേറെയായി ഒളിവില്‍ കഴിയുകയായിരുന്ന സനുവിനെ മാര്‍ച്ച് 22 മുതലാണ് കാണാതായത്. വാളയാര്‍വഴി തമിഴ്‌നാട്ടിലേക്കാണ് സനു ആദ്യംപോയത്. പിന്നീട് കോയമ്പത്തൂര്‍ ഊട്ടി ദേശിയപാതയിലൂടെ ഇയാളുടെ വാഹനം കടന്നുപോയതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നെങ്കിലും സനുമോഹനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഭാര്യവീട്ടുകാരടക്കമുള്ള ബന്ധുക്കള്‍, സുഹൃത്തുക്കള്‍ തുടങ്ങി ഒട്ടേറെപ്പേരെ ചോദ്യം ചെയ്തെതെങ്കിലും നിര്‍ണായക വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല.

സനുമോഹനെ കണ്ടെത്താന്‍ അഞ്ചു ഭാഷകളിലായി ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചെങ്കിലും സനു കാണാമറയത്ത് തന്നെയായിരുന്നു. ഇതിനിടയിലാണ് ഇയാള്‍ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിനു സമീപമുള്ള ലോഡ്ജില്‍ കഴിഞ്ഞിരുന്നതായി അന്വേഷണസംഘത്തിന് വിവരം കിട്ടിയത്. ഇന്റീരിയര്‍ ഡിസൈനറായിരുന്ന സനുമോഹന് കങ്ങരപ്പടിയില്‍ സ്വന്തമായി ബിസിനസ് സ്ഥാപനവും ഉണ്ടായിരുന്നു.

കങ്ങരപ്പടിയില്‍ എത്തുംമുമ്പ് ഇയാള്‍ പൂണെയിലായിരുന്നു. അവിടെ വന്‍തോതില്‍ സാമ്പത്തികതട്ടിപ്പുകള്‍ നടത്തിയശേഷം കേരളത്തിലേക്ക് മടങ്ങിയ സനു കങ്ങരപ്പടിയില്‍ താമസിക്കുന്നവിവരം ഇയാളുടെ മാതാപിതാക്കളോ അടുത്ത ബന്ധുക്കളോ അറിയുന്നത് പോലും സനുവിന്റെ തിരോധാനത്തിന് ശേഷമാണ്. പൂണെ,കൊല്‍ക്കത്ത, ബംഗളരു, തമിഴ് നാട്, കേരളം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കിയെങ്കിലും കണ്ടെത്താനായില്ല.

ഏപ്രില്‍ 11 മുതല്‍ സനു കൊല്ലൂരില്‍ ഉണ്ടായിരുന്നിട്ടും പോലീസിന് ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ലോഡ്ജ് ഉടമയാണ് വിവരം പോലീസില്‍ അറിയിച്ചത്. മുറിവാടകയും താക്കോലും നല്‍കാതെയാണ് ഇയാള്‍ കടന്നു കളഞ്ഞതെന്നു ലോഡ്ജ് ഉടമയുടെ മൊഴിയില്‍ പറയുന്നു.

മാര്‍ച്ച് 22 ന് കാണാതായശേഷം ഒരിക്കല്‍പോലും സനുമോഹന്‍ ഫോണ്‍ ഉപയോഗിച്ചിട്ടില്ലെന്ന് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. കാര്‍ എവിടെയോ ഉപേക്ഷിച്ചശേഷം ഇയാള്‍ ബസിലും ട്രയിനിലുമായി മാത്രം സഞ്ചരിക്കുകയായിരുന്നെന്നും സൂചന. പുതിയ ഫോണോ,സിമ്മോ ഇയാള്‍ക്കുണ്ടായിരുന്നില്ല. മൊബൈല്‍ ടവറുകള്‍ ലക്ഷ്യമാക്കിയുള്ള അന്വേഷണത്തേയും ഇതു ബാധിച്ചു. എല്ലാ ദിവസവും പത്ര ദൃശ്യമാധ്യമങ്ങളിലെ വാര്‍ത്തകള്‍ ശ്രദ്ധിച്ചായിരുന്നു ഇയാള്‍ നീങ്ങിയിരുന്നത്.