ചെന്നൈ : നടൻ വിവേകിന്റെ മരണത്തിന് കൊറോണ വാക്സിൻ സ്വീകരിച്ചതുമായി ബന്ധമില്ലെന്ന് തമിഴ്നാട് ആരോഗ്യമന്ത്രി സി. വിജയഭാസ്കർ. വിവേക് വാക്സിൻ സ്വീകരിച്ചതിനെ മറ്റുതരത്തിൽ ചിത്രീകരിക്കരുതെന്നും ഈസമയത്ത് സർക്കാരിലും വാക്സിനിലും വിശ്വാസമുണ്ടാവേണ്ടത് അത്യാവശ്യമാണെന്നും മന്ത്രി പറഞ്ഞു.
വിവേകിന് ഹൃദയസംബന്ധമായ പ്രശ്നമാണുണ്ടായത്. കൊറോണ ലക്ഷണങ്ങളുണ്ടായിരുന്നില്ല. അദ്ദേഹം കഴിഞ്ഞദിവസം വാക്സിൻ സ്വീകരിച്ചതുമായി ഇപ്പോഴത്തെ അസുഖാവസ്ഥയ്ക്ക് ബന്ധമില്ലെന്ന് ആശുപത്രി അധികൃതരും വ്യക്തമാക്കി. കൊറോണ വാക്സിൻ സ്വീകരിച്ചതിന് അടുത്തദിവസമാണ് സംഭവിച്ചതെങ്കിലും വിവേക് വാക്സിനെടുത്തതുമായി ഹൃദയാഘാതത്തിന് നേരിട്ട് യാതൊരുബന്ധവുമില്ലെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ. ജെ. രാധാകൃഷ്ണനും അറിയിച്ചു.
കേന്ദ്രസർക്കാരിന്റെ മാർഗനിർദേശങ്ങൾ പാലിച്ചാണ് സംസ്ഥാനത്ത് വാക്സിനുകൾ കുത്തിവെക്കുന്നത്. വിവേക് എടുത്തതിനൊപ്പം തന്നെ ഒരുപാടുപേർക്ക് വാക്സിൻ നൽകിയതാണ്. സംസ്ഥാനത്താകെ അഞ്ചുലക്ഷത്തിലധികം ആളുകൾക്ക് ഇതുവരെ കോവാക്സിൻ നൽകിയിട്ടുണ്ട്. പാർശ്വഫലങ്ങൾ ആർക്കുമുണ്ടായിട്ടില്ലെന്നും രാധാകൃഷ്ണൻ പറഞ്ഞു.