ന്യൂ ഡെൽഹി: റിപ്പബ്ലിക് ദിനത്തിലെ കർഷകരുടെ ട്രാക്ടർ റാലിക്കിടെ ഡെൽഹി ചെങ്കോട്ടയിൽ ആക്രമണം നടത്തിയ കേസിലെ പ്രതിയും പഞ്ചാബി ചലച്ചിത്ര താരവുമായ ദീപ് സിദ്ദുവിന് ജാമ്യം. ഡെൽഹി കോടതിയാണ് ജാമ്യം അനുവദിച്ചത്.
ജനുവരി 26ലെ ട്രാക്ടർ റാലിയിൽ അക്രമ സംഭവങ്ങൾക്ക് പ്രേരിപ്പിച്ചുവെന്നാണ് ദീപ് സിദ്ദുവിനെതിരായ കുറ്റം. അക്രമ സംഭവങ്ങൾക്ക് ശേഷം കർഷകർ നടനെതിരെ ആരോപണവുമായി രംഗത്തെത്തിയിരുന്നു.
പൊലീസ് തന്നെ വേട്ടയാടുകയാണെന്ന് വ്യക്തമാക്കി 36കാരനായ ദീപ് സിദ്ദു ഫേസ്ബുക്കിലൂടെ വിഡിയോ പുറത്തുവിട്ടിരുന്നു. കേന്ദ്രവും ബി.ജെ.പി നേതാക്കളുമായി അടുത്ത ബന്ധം ഇയാൾ പുലർത്തിയിരുന്നതായും ആരോപണം ഉയർന്നിരുന്നു.