പികെ ബിജുവിൻ്റെ ഭാര്യയുടെ കേരള സർവകലാശാലയിലെ നിയമനം; ഡാറ്റാ തട്ടിപ്പ് നടത്തി തയ്യാറാക്കിയ ഗവേഷണ പ്രബന്ധത്തിലൂടെ ; നിയമനം റദ്ദാക്കാൻ ഗവർണർക്ക് പരാതി

തിരുവനന്തപുരം: കേരള സർവകലാശാലയിൽ അസിസ്റ്റൻറ് പ്രൊഫസർ നിയമനം ലഭിക്കാൻ മുൻ എംപി , പികെ ബിജുവിൻ്റെ ഭാര്യ ഡോ: വിജി വിജയൻ സമർപ്പിച്ച ഗവേഷണ പ്രബന്ധങ്ങൾ ഡേറ്റാ തട്ടിപ്പു നടത്തി തയ്യാറാക്കിയതാണെന്ന് പരാതി. അന്തർദ്ദേശീയതലത്തിൽ പ്രസിദ്ധിയാർജ്ജിച്ച പബ്പീർ(Pubpeer) വെബ്സൈറ്റാണ് ഡാറ്റയിലെ ഏകരൂപത കണ്ടെത്തിയിട്ടുള്ളതെന്നാണ് ആക്ഷേപം.

പ്രബന്ധങ്ങളിൽ പകർത്തി എഴുത്ത് നടത്തുന്നത് സംബന്ധിച്ച പരാതികൾ നിരവധിയുണ്ടാകാറുണ്ടെ ങ്കിലും ഡാറ്റാ തട്ടിപ്പു നടത്തി നിയമനം നേടിയതായ പരാതി കേരള സർവ്വകലാശാലയിൽ ഇതാദ്യമായാണ്. ഡേറ്റാ തട്ടിപ്പ് നടത്തിയതിന് ഡോ: വിജി വിജയന് എതിരേ നിയമ നടപടികൾ കൈക്കൊള്ളണമെന്നും അധ്യാപക നിയമനം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഡേറ്റാ തട്ടിപ്പിന്റെ രേഖകൾ സഹിതമുള്ള പരാതി സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി ഗവർണർക്കും, യുജിസി ചെയർമാനും കേരള സർവ്വകലാശാല വൈസ് ചാൻസലർക്കും നൽകി.

കേരള സർവ്വകലാശാലയുടെ ബയോകെമിസ്ട്രി പഠന വകുപ്പിൽ ബിജുവിന്റെ ഭാര്യ ഡോ. വിജി വിജയന് അസിസ്റ്റന്റ് പ്രൊഫസ്സർ ആയി നിയമനം നൽകിയത് ഏറെ വിവാദമായിരുന്നു. 2013 ൽ സംവരണ തസ്തികയിലേക്ക് നടന്ന നിയമനത്തിന് 18 അപേക്ഷകർ മാത്രമേ ഉണ്ടായിരുന്നിള്ളൂവെങ്കിലും ബിജുവിന്റെ ഭാര്യ നിയമനതിന് അർഹയായില്ല. എന്നാൽ 2020 ൽ അപേക്ഷിച്ച 140 ഓളം പേരിൽ നിന്നാണ് ഓപ്പൺ തസ്തികയിൽ ഒന്നാംറാങ്ക് ലഭിച്ചത്.

ഉന്നത യോഗ്യതകളുള്ള നിരവധി ഉദ്യോഗാർത്ഥികളെ ഒഴിവാക്കിയാണ് ബിജുവിന്റെ ഭാര്യക്ക് നിയമനം നൽകിയതെന്ന പരാതി നേരത്തെ ഉയർന്നിരുന്നു. അപേക്ഷയോടൊപ്പം സമർപ്പിച്ച വിവാദ ഗവേഷണ പ്രബന്ധങ്ങൾക്ക് ലഭിച്ച മാർക്കിന്റെകൂടി അടിസ്ഥാനത്തിലാണ് ഒന്നാം റാങ്ക് നൽകിയതെന്നും പരാതിയിൽ പറയുന്നു.

ഡാറ്റാ തട്ടിപ്പുനടത്തിയയാളെ യൂണിവേഴ്സിറ്റി അധ്യാപികയായി നിയമിക്കുന്നത് സർവകലാശാലയുടെ യശസ്സിനെ കളങ്കപെടുത്തുമെന്നും ഇത്തരം തട്ടിപ്പ് നടത്തുന്നവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും അധ്യാപക നിയമനം റദ്ദാക്കണമെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ എസ് ശശികുമാർ, സെക്രട്ടറി എം ഷാജർഖാൻ എന്നിവർ ആവശ്യപ്പെട്ടു.

അധികാരകേന്ദ്രങ്ങളിൽ ഉന്നത സ്വാധീനമുള്ള വ്യക്തിയായതിനാൽ ഡാറ്റാ തട്ടിപ്പ് പരിശോധിക്കാൻ ദേശീയ ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദഗ്ധരെ ചുമതലപ്പെടുത്തണമെന്നും യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ആവശ്യപ്പെട്ടു.