വാഷിംഗ്ടൺ: ആകാശത്തേക്ക് കൈ ഉയർത്തി കൊല്ലരുതേ എന്ന് അപേക്ഷിച്ചിട്ടും 13കാരനായ ബാലനെ വെടിവച്ചുകൊന്ന പൊലീസുകാർക്കാർക്കെതിരെ അമേരിക്കയിൽ പ്രതിഷേധം ശക്തമാകുന്നു. പൊലീസുകാരൻ നിർദയം നെഞ്ചിൽ വെടിവെച്ചുവീഴ്ത്തുന്ന വീഡിയോ പുറത്തുവന്നതോടെയാണ് വീണ്ടും സുരക്ഷാസേനക്കെതിരെ അമേരിക്കയിൽ ജനരോഷം ഉയർന്നത്. കഴിഞ്ഞ മാസമാണ് ആദം ടോളിഡോ എന്ന ബാലനെ ഷിക്കാഗോ പൊലീസ് വെടിവെച്ചുകൊന്നത്. ടോളിഡോയോട് നിൽക്കാൻ ആവശ്യപ്പെട്ടിട്ടും അനുസരിക്കാത്തതിനെ തുടർന്നാണ് വെടിവച്ചതെന്നായിരുന്നു പൊലീസിന്റെ വിശദീകരണം.
കൈയിൽ ആയുധമുണ്ടെന്നും പൊലീസ് ആരോപിച്ചിരുന്നു. എന്നാൽ, വീഡിയോ പുറത്തുവന്നതോടെ ഈ വാദം തെറ്റാണെന്ന് തെളിഞ്ഞു. പൊലീസ് പിന്തുടർന്ന് നിൽക്കാൻ ആവശ്യപ്പെട്ടപ്പോൾ ആദം സഞ്ചാരം നിറുത്തി തിരിഞ്ഞുനോക്കുന്നതും കൈ ഉയർത്തി കീഴടങ്ങുന്നതിന്റെ സൂചന നൽകുന്നതും വിഡീയോയിൽ കാണാം. കൈയിൽ ആയുധങ്ങളൊന്നുമില്ല. എന്നിട്ടും പൊലീസ് നെഞ്ചിലേക്ക് വെടിവയ്ക്കുകയായിരുന്നു.
വീഡിയോ പുറത്തുവിട്ട ഷിക്കാഗോ മേയർ “കണ്ടിരിക്കാനാവാത്ത ഹൃദയം നുറുങ്ങുന്ന കാഴ്ചയാണിതെന്ന്” പ്രതികരിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് സെനറ്റർമാരും സന്നദ്ധ പ്രവർത്തകരും രംഗത്തെത്തി.ലാറ്റിനോ വിഭാഗക്കാരനാണ് കൊല്ലപ്പെട്ട ബാലൻ. വംശീയതയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ആരോപണം.ഒരു മാസം മുമ്പ് നടന്ന സംഭവത്തിന്റെ വീഡിയോ ഇപ്പോഴാണ് പുറത്തുവിടുന്നത്. ആദത്തിന് പുറമെ 18ഉം 22ഉം വയസുള്ള രണ്ടു പേർ കൂടി പൊലീസ് വെടിവയ്പിൽ കൊല്ലപ്പെട്ടിരുന്നു.