മമതയുടെ ഫോണ്‍ ചോര്‍ത്തി; ബിജെപിക്കെതിരെ നടപടി വേണമെന്ന തൃണമൂല്‍ കോണ്‍ഗ്രസ്

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും പാര്‍ട്ടി നേതാവുമായ മമത ബാനര്‍ജിയുടെ ഫോണ്‍ ചോര്‍ത്തിയെന്ന് ആരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. തൃണമൂല്‍ സ്ഥാനാര്‍ത്ഥി പാര്‍ത്ത പ്രതിം റേയുമായുള്ള മമതയുടെ സംഭാഷണം ചോര്‍ത്തിയെന്ന ആരോപിച്ച് ബിജെപിയ്‌ക്കെതിരെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് പരാതി നല്‍കിയത്. സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് റെക്കോര്‍ഡുചെയ്ത് ചോര്‍ത്തിയെന്നാണ് തൃണമൂലിന്റെ ആരോപണം.

ഇന്ത്യന്‍ ടെലിഗ്രാഫ് ആക്ട്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്റ്റ്, ഇന്ത്യന്‍ പീനല്‍ കോഡ് എന്നിവയുടെ പൂര്‍ണമായ ലംഘനമാണ് ബിജെപിയുടെ നിര്‍ദേശപ്രകാരം നടന്നതെന്നും ഇത് തികച്ചും നിയമവിരുദ്ധമായ പ്രവര്‍ത്തനമാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് തിരെഞ്ഞടുപ്പ് കമ്മീഷന് നല്‍കിയ കത്തില്‍ പറയുന്നു. ഓഡിയോ ക്ലിപ്പ് ബിജെപി ഓഫീസില്‍ ബിജെപി ഐടി സെല്‍ ചുമതലയുള്ള അമിത് മാല്‍വിയയുടെ സാന്നിധ്യത്തില്‍ നടത്തിയ പത്രസമ്മേളനത്തില്‍ അവതരിപ്പിച്ചെന്നും തൃണമൂല്‍ ആരോപിക്കുന്നു.

ഏപ്രില്‍ 10 ന് ബംഗാളില്‍ സുരക്ഷാ സേന നടത്തിയ വെടിവയ്പില്‍ കൊല്ലപ്പെട്ട നാല് പേരുടെ മൃതദേഹങ്ങളുമായി റാലികള്‍ നടത്താന്‍ തന്റെ പാര്‍ട്ടിയുടെ സിതാല്‍കുച്ചി സ്ഥാനാര്‍ത്ഥിയോട് ബാനര്‍ജി ആവശ്യപ്പെട്ടത് വിവാദമായതോടെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് ബിജെപിക്കെതിരെ രംഗത്തു വന്നത്. ഓഡിയോ ക്ലിപ്പിലെ ഉള്ളടക്കം വളച്ചൊടിച്ച് ബിജെപി തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നാതയി അറിയിച്ച് മമതയും
രംഗത്ത് വന്നിരുന്നു.