തിരുവനന്തപുരം: വോട്ടെടുപ്പ് കഴിഞ്ഞതോടെ വിഷുക്കിറ്റ് വിതരണം നിർത്തിവച്ച് സർക്കാർ ജനങ്ങളെ വഞ്ചിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കാര്യം കഴിഞ്ഞപ്പോള്‍ ജനങ്ങളെ വേണ്ടാതായെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. സംസ്ഥാനത്ത് 85 ലക്ഷം കാര്‍ഡുടമകള്‍ക്ക് വിഷുക്കിറ്റ് നല്‍കണം. എന്നാൽ ഇതുവരെ കഷ്ടിച്ച് 26 ലക്ഷം പേര്‍ക്ക് മാത്രമേ നല്‍കിയിട്ടുള്ളൂ.
കിറ്റിന്റെ വിതരണം ഇപ്പോള്‍ പൂർണമായും നിര്‍ത്തി വച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷ നേതാവ് അന്നം മുടക്കുകയാണെന്ന് അപഹസിച്ച മുഖ്യമന്ത്രിക്ക് ഇപ്പോള്‍ എന്താണ് പറയാനുള്ളതെന്നും ചെന്നിത്തല ചോദിച്ചു.