കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദന കേസിൽ കെ.എം. ഷാജി എംഎൽഎ ചോദ്യം ചെയ്യുന്നു. കോഴിക്കോട്ടെ തൊണ്ടയാടുള്ള വിജിലൻസ് ഓഫീസിൽ നേരത്തേ അദ്ദേഹം ഹാജരായിരുന്നു. തുടർന്നാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്.
കഴിഞ്ഞ ദിവസം ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂരിലെയും വീട്ടിൽ പരിശോധന നടത്തിയ വിജിലൻസ് സംഘം കണ്ടെടുത്ത പണം, സ്വര്‍ണ്ണം എന്നിവയുടെ ഉറവിടം, കണ്ടെടുത്ത 77 രേഖകള്‍ സംബന്ധിച്ച വിവരങ്ങളാണ് ചോദ്യം ചെയ്യലിലൂടെ വിജിലന്‍സ് ശേഖരിക്കുക.
ചോദ്യം ചെയ്യലുമായി സഹകരിക്കുമെന്ന് നേരത്തേ കെ എം ഷാജി പറഞ്ഞു. കണ്ണൂര്‍ ചാലാട്ടെ വീട്ടില്‍ നിന്ന് അന്വേഷണ സംഘം പിടിച്ചെടുത്ത നാല്‍പ്പത്തി എട്ട് ലക്ഷത്തിലധികം രൂപ, കണ്ണൂരെയും കോഴിക്കോട്ടെയും വീടുകളില്‍ നിന്ന് കണ്ടെത്തിയ 77 രേഖകള്‍ എന്നിവ ഇന്നലെ കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയിരുന്നു.