കണ്ണൂർ: കതിരൂരിൽ ബോംബ് നിർമ്മിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റ നിജേഷിന്റെ വിരലുകൾ സംഭവസ്ഥലത്ത് നിന്ന് പൊലീസ് കണ്ടെത്തി. ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും ഇന്ന് സംഭവ സ്ഥലത്ത് നടത്തിയ പരിശോധനയിലാണ് വിരലുകൾ കണ്ടെത്തിയത്.
സ്ഥലത്ത് തെളിവ് നശിപ്പിക്കാൻ ശ്രമം നടന്നതായി പൊലീസിന് മനസിലായി. ഇവിടെ മഞ്ഞൾപ്പൊടി വാരിവിതറിയ നിലയിലാണ്. ഇവിടെയുണ്ടായിരുന്ന കൂടുതൽ ബോംബുകൾ മറ്റിടത്തേക്ക് മാറ്റിയെന്നും പൊലീസ് സംശയിക്കുന്നുണ്ട്.
കതിരൂര്‍ നാലാം മൈലിൽ ഒരു വീടിന്‍റെ പിന്നിലിരുന്ന് ബോംബ് ഉണ്ടാക്കുന്നതിനിടെയാണ് നിജേഷിന് അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആദ്യം തലശ്ശേരി സഹകരണ ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് നിന്നും ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
സിപിഎമ്മിന്റെ ശക്തികേന്ദ്രമാണ് കതിരൂരിലെ നാലാം മൈൽ പ്രദേശം. എന്നാൽ നിജേഷും ഒപ്പമുണ്ടായിരുന്നവരും ഏത് രാഷ്ട്രീയപ്പാർട്ടിയുടെ ആളുകളാണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ബോംബ് നിർമ്മിക്കുന്ന സമയത്ത് നിജേഷ് മദ്യപിച്ചിരുന്നതായി വ്യക്തമായിട്ടുണ്ട്. ഇതായിരിക്കാം അപകടത്തിന് കാരണമെന്നാണ് കരുതുന്നത്.