ന്യൂഡെൽഹി: ഇന്ത്യയ്‌ക്കൊരു നല്ല വനിതാ ചീഫ് ജസ്റ്റിസ് ഉണ്ടാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ. കൂടുതൽ സ്ത്രീകളെ ജഡ്ജിമാരായി നിയമിക്കണമെന്നും വനിതാ അഭിഭാഷകരുടെ അസോസിയേഷനെ പ്രതിനിധീകരിച്ചെത്തിയ അഭിഭാഷകരായ സ്‌നേഹ ഖലിതയും ശോഭ ഗുപ്തയും കോടതിയിൽ ആവശ്യപ്പെട്ടപ്പോഴായിരുന്നു ചീഫ് ജസ്റ്റിസ് ഇത്തരമൊരു പരാമർശം നടത്തിയത്.
’11ശതമാനം സ്ത്രീകൾ മാത്രമേ ജുഡീഷറിയിൽ ഉള്ളൂ. സത്രീകൾ വേണമെന്ന താല്പര്യം ഞങ്ങളുടെ മനസ്സിലുണ്ട്. ഞങ്ങൾ അത് നല്ല രീതിയിൽ നടപ്പാക്കുന്നുമുണ്ട്. ഞങ്ങളുടെ മനോഭാവത്തിൽ ഒരു മാറ്റവുമില്ല. നല്ല ഒരു ആളെ ലഭിക്കണമെന്ന് മാത്രമേയുളളൂ.’ചീഫ് ജസ്റ്റിസ് പറഞ്ഞു.
ഹൈക്കോടതികളിൽ ജഡ്ജി ആകുന്നതിനായി നിരവധി സ്ത്രീകളെ ക്ഷണിച്ചതായി ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർ പറഞ്ഞു. എന്നാൽ സ്ത്രീകൾ ക്ഷണം നിരസിക്കുകയാണ് ചെയ്തത്. കുട്ടികളുടെ പഠനം, ഗാർഹിക ഉത്തരവാദിത്തങ്ങൾ എന്നീ പേരുകൾ പറഞ്ഞ് അവരെല്ലാവരും നിരസിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തെ 25 ഹൈക്കോടതികളിൽ ഒന്നിൽ മാത്രമാണ് വനിതാ ചീഫ് ജസ്റ്റിസുളളത്. തെലങ്കാന ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് ഹിമ കോഹ്ലി. രാജ്യത്തെ 661 ഹൈക്കോടതി ജഡ്ജിമാരിൽ 73 പേർ മാത്രമാണ് സ്ത്രീകൾ. മണിപ്പൂർ, മേഘാലയ, പട്‌ന, ത്രിപുര, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ ഒരു വനിതാ ജഡ്ജി പോലുമില്ല.