കുതിച്ചുയർന്ന് വൈറസ് വ്യാപനം; ഇന്ത്യയിൽ പ്രതിദിന കൊറോണ രോഗികൾ രണ്ടു ലക്ഷം കടന്നു

ന്യൂഡെൽഹി: ഇന്ത്യയിൽ ആശങ്ക വിതച്ച് പ്രതിദിന കൊറോണ കേസുകളുടെ എണ്ണത്തിൽ വൻവർധന​. 24 മണിക്കൂറിനിടെ 2,00,739 കൊറോണ കേസുകളാണ്​ റിപ്പോർട്ട്​ ചെയ്​തത്​. 93,528 പേർ രോഗമുക്തി നേടി. രാജ്യത്ത്​ കൊറോണ കേസുകൾ 10 ദിവസത്തിനിടെ ഇരട്ടിയിലധികമായിരിക്കുകയാണ്. ചികിത്സയിൽ തുടരുന്നവരുടെ എണ്ണം 14,71,877 ആയി.

10 ദിവസങ്ങൾക്ക്​ മുമ്പായിരുന്നു​ രാജ്യത്ത്​ പ്രതിദിന കൊറോണ കേസുകളുടെ എണ്ണം വീണ്ടും ലക്ഷം കടന്നത്​. യു​.എസിൽ മാത്രമാണ്​ പ്രതിദിനം രണ്ടുലക്ഷം കൊറോണ കേസുകൾ റിപ്പോർട്ട്​ ചെയ്തത്​. ലക്ഷം കേസുകൾ റിപ്പോർട്ട്​ ചെയ്​ത ശേഷം 21 ദിവസങ്ങൾക്ക്​ ശേഷമാണ്​ അവിടെ രണ്ട്​ ലക്ഷം കേസുകളിലെത്തിയത്​.

ഒക്​ടോബർ 30ന്​ പ്രതിദിന കേസുകളുടെ എണ്ണം ലക്ഷം കടന്ന യു.എസിൽ അത്​ രണ്ട്​ ലക്ഷമായത്​ നവംബർ 20നായിരുന്നു. വേൾഡോമീറ്റർ വെബ്​സൈറ്റിലെ കണക്കുകൾ പ്രകാരം ജനുവരി എട്ടാം തിയതി യു.എസിൽ ഒരു ദിവസം റിപ്പോർട്ട്​ ചെയ്​ത കേസുകളുടെ എണ്ണം 3,09,035 ആയിരുന്നു.

കഴിഞ്ഞ ദിവസവും രാജ്യത്ത്​ മരണസംഖ്യ 1000 കവിഞ്ഞു. 1038 മരണങ്ങളാണ്​ ബുധനാഴ്ച രേഖപ്പെടുത്തിയത്​. ഒക്​ടോബർ രണ്ടിന്​ ശേഷം രാജ്യത്തെ​ ഏറ്റവും ഉയർന്ന പ്രതിദിന മരണനിരക്കാണിത്​.

മഹാരാഷ്​ട്രക്ക്​ പിന്നാലെ ഉത്തർപ്രദേശിലും കൊറോണ പിടിവിട്ട്​ കുതിക്കുകയാണ്​. 20,510 പുതിയ കേസുകളാണ്​ യു.പിയിൽ റിപ്പോർട്ട്​ ചെയ്​തത്​. മഹാരാഷ്​ട്രയിൽ 58,952 പുതിയ കേസുകളാണ്​ റിപോർട്ട്​ ചെയ്​തത്.