തിരുവനന്തപുരം: ആക്രികടയിൽ വിറ്റത് ഉപയോഗിച്ച പോസ്റ്റർ മാത്രമാണെന്ന്, വട്ടിയൂർക്കാവിലെ പോസ്റ്റർ വിവാദത്തിൽ നടപടി നേരിട്ട കോൺഗ്രസ് നേതാവ് വി ബാലു. വോട്ടെടുപ്പ് ദിവസം ബൂത്ത് അലങ്കരിക്കാൻ കൊടുത്ത വീണ എസ് നായരുടെ പോസ്റ്റർ കെട്ടുപോലും പൊട്ടിക്കാതെ ബാലു ആക്രികടയിൽ കൊണ്ടുപോയി വിറ്റെന്നായിരുന്നു ഡി.സി.സിയുടെ കണ്ടെത്തൽ. സത്യം അതല്ലെന്നാണ് ബാലു പറയുന്നത്.
കെ.പി.സി.സിയുടെ അന്വേഷണത്തോട് സഹകരിക്കും.അവർ യാഥാർഥ്യം കണ്ടെത്തുമെന്നാണ് പ്രതീക്ഷ. തനിക്ക് നേരെ വീണ്ടും ആക്രമണമുണ്ടാകുമെന്ന് പേടിച്ചാണ് നാടുവിട്ടതെന്നും ബാലു പറയുന്നു.
തദ്ദേശ തിരഞ്ഞെടുപ്പിൽ റിബലായി നിന്നവരെ പിന്തുണയ്ക്കാത്തതിന്റ പേരിൽ ഒരു കൂട്ടം നേതാക്കൾ തന്നെ കുരുക്കിയതാണന്നും മണ്ഡലം ട്രഷറർ കൂടിയായ ബാലു പറഞ്ഞു. പോസ്റ്റർ വിറ്റത് വിവാദമായതോടെ നാടുവിട്ട ബാലു ഇന്നലെയാണ് തിരുവനന്തപുരത്ത് തിരിച്ചെത്തിയത്.
തദ്ദേശ തിരഞ്ഞെടുപ്പിൽ നന്ദൻകോട് വാർഡിൽ വിമത സ്ഥാനാർഥിയെ പിന്തുണക്കാത്തതിന്റ പേരിൽ ഒരു കൂട്ടർക്ക് തന്നോട് വൈരാഗ്യമുണ്ട്. അവരാണ് ഇല്ലാത്ത കഥകൾ കെട്ടിച്ചമച്ച് തന്നെ കുറ്റക്കാരനാക്കിയതെന്നും ബാലു പറയുന്നു.