കൊറോണ വ്യാപനം രൂക്ഷമായി; പ്രധാനമന്ത്രി ഗവര്‍ണ്ണര്‍മാരുമായി ഇന്ന് ചര്‍ച്ച നടത്തും

ന്യൂഡെൽഹി: രാജ്യത്ത് കൊറോണ വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി ഇന്ന് ഗവര്‍ണ്ണര്‍മാരുമായി ചര്‍ച്ച നടത്തും. രാജ്യത്ത് കൊറോണ കൂടുതല്‍ രൂക്ഷമാവുകയാണ്. ആറ് ദിവസമായി പ്രതിദിന രോഗബാധിതരുടെ എണ്ണം ഒന്നര ലക്ഷത്തിന് മുകളിലാണ്. സംസ്ഥാനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം ആവര്‍ത്തിച്ചു. രോഗവ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയില്‍ ഇന്ന് രാത്രി മുതല്‍ നിരോധനാജ്ഞ നിലവില്‍ വരും.

മഹാരാഷ്ട്രയില്‍ പൊതുപരിപാടികള്‍ വിലക്കി. ആരാധനാലയങ്ങിലും, സിനിമാഹാളിലും, പാര്‍ക്കുകളിലും പ്രവേശനമുണ്ടാകില്ല. അവശ്യസര്‍വീസുകള്‍ക്കും ബാങ്കിംഗ് മേഖലയ്ക്കും ഇളവുണ്ട്.
അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാം.

രോഗവ്യാപനം പിടിച്ച്‌ നിര്‍ത്താനായില്ലെങ്കില്‍ ലോക്ഡൗണിലേക്ക് പോവേണ്ടി വരുമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ മുന്നറിയിപ്പ് നല്‍കി. ഇന്നലെ അറുപതിനായിരത്തിലേറെ പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ കൊറോണ സ്ഥിരീകരിച്ചത്. ഓക്സിജന്‍ ക്ഷാമം രൂക്ഷമായതിനാല്‍ സംസ്ഥാനത്തിന് പുറത്ത് നിന്ന് എത്തിക്കാന്‍ സര്‍ക്കാര്‍ വ്യോമസേനയുടെ സഹായം തേടി.