കൊച്ചി: മുട്ടാർപുഴയിൽ 13കാരി വൈഗയുടെ മൃതദേഹം കണ്ടെത്തിയ കേസിൽ പിതാവ് സനു മോഹനായിരിക്കില്ല കുട്ടിയെ കൊലപ്പെടുത്തിയതെന്ന സംശയം ശക്തമാകുന്നു. അന്വേഷണം കുഴഞ്ഞുമറിയുകയാണ്. സനു മോഹനായിരിക്കാം കുട്ടിയെ കൊലപ്പെടുത്തിയതെന്നതായിരുന്നു പൊലീസിെൻറ പ്രാഥമിക നിഗമനം. ഇത് തെറ്റുന്നതായാണ് ഇപ്പോഴത്തെ വിവരം. ഇയാൾക്ക് കുട്ടിയെ കൊല്ലേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്നാണ് നിലവിലെ തെളിവുകൾ നൽകുന്ന സൂചന.
തനിക്കുള്ള കടബാധ്യതകളിൽനിന്ന് കുട്ടിയെ ഉപയോഗിച്ച് രക്ഷപ്പെടാം എന്ന കണക്കുകൂട്ടലിലായിരുന്നു സനു മോഹൻ. കുട്ടിയെ പരസ്യങ്ങളിലും സിനിമകളിലും അഭിനയിപ്പിച്ച് നഷ്ടം നികത്താനായിരുന്നു പദ്ധതി. ഇതിന് പ്രമുഖ സംവിധായകനുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
വർഷങ്ങളായി ബന്ധുക്കളുമായി അകലം പാലിച്ചിരുന്ന കുടുംബം കഴിഞ്ഞ ഓണക്കാലത്താണ് വീണ്ടും ബന്ധപ്പെടുന്നത്. ആറുമാസത്തിനുശേഷമാണ് സനു മോഹന് കടങ്ങളുണ്ടായതും. ഒതുങ്ങിക്കഴിഞ്ഞിരുന്ന കുടുംബം ഫ്ലാറ്റിന് പുറത്തുള്ളവരുമായി ഊഷ്മള ബന്ധം സ്ഥാപിച്ചതും ഇക്കാലത്തായിരുന്നു. ഇതെല്ലാം വലിയ എന്തോ പദ്ധതി ആസൂത്രണം ചെയ്തിരുന്നുവെന്ന സംശയത്തിലേക്കാണ് വിരൽചൂണ്ടുന്നത്.
അതേസമയം, കുട്ടി മരിച്ച് മൂന്നാഴ്ച കഴിഞ്ഞിട്ടും സനു മോഹനെ കണ്ടെത്താൻ കഴിയാത്തത് പൊലീസിനെ കുഴക്കുന്നുണ്ട്. ഫ്ലാറ്റിലെ താമസക്കാർ അടക്കമുള്ളവരിലേക്കും അന്വേഷണസംഘത്തിൻ്റെ സംശയമുന നീണ്ടിട്ടുണ്ട്. ഇതിനകം ആറുതവണയാണ് താമസക്കാരെ പൊലീസ് ചോദ്യം ചെയ്തത്.
സംഭവം ആസൂത്രണം ചെയ്തവർ ഫ്ലാറ്റിൽ തന്നെയുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. വർഷങ്ങളായി കങ്ങരപ്പടിയിലെ ഫ്ലാറ്റിൽ ഒളിവിൽ കഴിഞ്ഞിരുന്ന സനു മോഹൻ ആറുമാസം മുമ്പ് വീണ്ടും ബന്ധം സ്ഥാപിച്ചത് ഭാര്യ രമ്യയുടെ ബന്ധുക്കളുമായി മാത്രം.
സ്വന്തം ബന്ധുക്കളെ അഭിമുഖീകരിക്കാൻ മടിയായിരുന്നെന്നാണ് കുടുംബത്തിൽനിന്ന് ലഭിച്ച വിവരം. പിതാവിെൻ്റെ മരണവുമായി ബന്ധപ്പെട്ട ചടങ്ങുകളിൽ പങ്കെടുക്കാതെ മാറിനിന്നത് മാതാവുമായി അകൽച്ചയുണ്ടാക്കി. ഇയാൾക്ക് പുണെയിലുണ്ടായിരുന്ന ബിസിനസ് തകരാൻ കാരണമായി എന്ന് ആരോപിച്ച് സഹോദരൻ ഷിനു മോഹനുമായും അകൽച്ചയിലായിരുന്നു. അവസാനദിവസം ബന്ധുവിെൻറ വീട്ടിലേക്ക് പോകാൻ കൂടെയിറങ്ങിയ ഭാര്യ രമ്യയെ കർശനമായി വിലക്കിയാണ് പിന്തിരിപ്പിച്ചത്. തുടർന്ന് സനു മോഹനെയും കുട്ടിയെയും കാണാതാവുകയും അടുത്തദിവസം മുട്ടാർപുഴയിൽനിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുകയുമായിരുന്നു.