തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പ്രതികൂലമാകുമോ എന്ന സംശയത്തിൽ ഫലം വരാൻ കാത്തിരിക്കാതെ കണ്ണൂർ സർവ്വകലാശാലയിൽ എ എൻ ഷംസീർ എംഎൽഎയുടെ ഭാര്യയെ നിയമിക്കാൻ തിരക്കിട്ട നീക്കം. കാലിക്കട്ട് സർവകലാശാലയിൽ അസിസ്റ്റൻറ് പ്രൊഫസർ നിയമനത്തിന് റാങ്ക് ലിസ്റ്റിൽ ഇടം പിടിച്ചിട്ടും നിയമനം ലഭിക്കാതെ പോയ ഷംസീറിൻ്റെ ഭാര്യ ഡോ.സഹാലയെയാണ് കണ്ണൂർ സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസറായി നിയമിക്കാൻ നീക്കം നടത്തുന്നതായി ആക്ഷേപം ഉയർന്നിരിക്കുന്നത്.
തിരക്കിട്ട നിയമനം തടയണമെന്നും ഇൻറർവ്യൂ നടപടികൾ നിർത്തിവെക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി ഗവർണർക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി. കണ്ണൂർ സർവ്വകലാശാലയിൽ യുജിസി യുടെ എച്ച് ആർ ഡി സെൻററിൽ പുതുതായി സൃഷ്ടിച്ച അസിസ്റ്റന്റ് പ്രൊഫസ്സറുടെ സ്ഥിരം
തസ്തികയിലേയ്ക്ക് ഏപ്രിൽ പതിനാറിന് ഓൺലൈനായി ഇൻറർവ്യൂ നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച അറിയിപ്പ് അപേക്ഷകരായ മുപ്പത്പേർക്ക് ഇന്നലെ ഇമെയിൽ ആയി അയച്ചു.
പ്രസ്തുത സെൻററിലെ തസ്തികകളെല്ലാം യുജിസി വ്യവസ്ഥയാനുസരിച്ചു് താൽക്കാലികമാണെങ്കിലും, അസിസ്റ്റന്റ് പ്രൊഫസറുടെ ഒരു സ്ഥിരം തസ്തിക സൃഷ്ടിക്കുവാൻ സർക്കാർ കണ്ണുർ സർവകലാശാലയ്ക്ക് മാത്രമായി പ്രത്യേക അനുമതി നൽകിയിരിക്കുകയാണ്.
കഴിഞ്ഞ വർഷം (2020) ജൂൺ 30 നാണ് നിയമനത്തിനുള്ള വിജ്ഞാപനം സർവകലാശാല പുറപ്പെടുവിച്ചത്.ഡയറക്ടറുടെ തസ്തികയിൽ നിയമനം നടത്താതെയാണ് അസിസ്റ്റൻറ് ഡയറക്ടറുടെ നിയമനം മാത്രമായി തിരക്കിട്ട് നടത്തുന്നത്. ബാഹ്യ സമ്മർദ്ദത്തിനുവഴങ്ങിയാണ് വിസി തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വരുന്നതിനുമുമ്പ് ഓൺലൈനായി ഇൻറർവ്യൂ നടത്തുവാൻ നിർബന്ധിതനായതെന്നാണ് സൂചന.
ഷംസീറിന്റെ ഭാര്യയെ കൂടി കട്ട് ഓഫ് മാർക്കിനുള്ളിൽ പെടുത്തുന്നതിന് ഇന്റർവ്യൂവിന് ക്ഷണിക്കുന്നവരുടെ സ്കോർ പോയിൻറ് കുറച്ച് നിശ്ചയിച്ചതായും ആരോപണമുണ്ട്. ഇൻറർവ്യൂവിൽ അക്കാഡമിക് മെരിറ്റോ ഗവേഷണപരിചയമോ അധ്യാപന പരിചയമോ കണക്കിലെടുക്കാതെ ഇന്റർവ്യൂ മാർക്കിന്റെ അടിസ്ഥാനത്തിൽ മാത്രം നിയമനം നൽകാനാവുമെന്നത് കൊണ്ടാണ് സ്കോർ പോയിൻറ് കുറച്ച് തീരുമാനിച്ചത്.
ഇന്റർവ്യൂവിൽ ഹാജരാവുന്ന ആരെയും കൂടുതൽ മാർക്ക് നൽകി നിയമിക്കാനാവുമെന്നതാണ് അടുത്തയിടെ കാലിക്കറ്റ്,സംസ്കൃത,മലയാളം സർവകലാശാലകളിലെ അധ്യാപക നിയമനങ്ങൾ ഏറെ വിവാദമാക്കിയത് .
കൊച്ചി സർവകലാശാല ഒരു തസ്തികയിലേക്കുള്ള നിയമനത്തിന് ഉയർന്ന സ്കോർ പോയിന്റ് ഉള്ള പരമാവധി പത്തു പേരെമാത്രം ഇന്റർവ്യൂവിന് ക്ഷണിക്കുമ്പോൾ കണ്ണൂരിൽ ഒറ്റ തസ്തികയ്ക്ക് മുപ്പത് പേരെ ക്ഷണിക്കുവാൻ തീരുമാനിച്ചത് ഷംസീറിന്റെ ഭാര്യയെ കട്ട് ഓഫ് മാർക്കിനുള്ളിൽപെടുത്തുന്നതിനാണെന്നും ആരോപണമുണ്ട്.
പെരുമാറ്റച്ചട്ടം നിലവിലുള്ളപ്പോൾ നിയമനം നടത്തുന്നത് തടയണമെന്നും മതിയായ ദിവസങ്ങൾ നോട്ടീസ് നൽകാതെ തിരക്കിട്ട് ഓൺലൈനായി നടത്തുന്ന ഇന്റർവ്യൂ നിർത്തിവെക്കണമെന്നു മാവശ്യപ്പെട്ടാണ് ഗവർണർക്കും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കും സേവ് യൂണിവേഴ്സിറ്റി സമിതി ചെയർമാൻ ആർ എസ് ശശികുമാറും സെക്രട്ടറി എംഷാജർഖാനുമാണ് പരാതി നൽകിയിരിക്കുന്നത്.