വിവാദങ്ങളിൽ ഒപ്പം നിന്ന സിപിഎമ്മും കൈവിട്ടു; മന്ത്രി കെടി ജലീൽ ഉടൻ രാജിവെക്കും

തിരുവനന്തപുരം: വിവാദങ്ങളിൽ മന്ത്രി കെ.ടി ജലീലിനെ ന്യായീകരിച്ചും പ്രോൽസാഹിപ്പിച്ചും നിലകൊണ്ട സി പി എം ജലീലിനെ കൈവിട്ടു. ഇതോടെ ഉടൻ രാജിവെക്കുമെന്നാണ് സൂചന. ലോകായുക്ത വിധി അതേപടി തള്ളി മന്ത്രി കെ.ടി.ജലീലിനെ സംരക്ഷിക്കാനില്ലെന്ന നിലപാടിലേക്ക് സിപിഎം എത്തിയതോടെയാണ് ജലീൽ രാജിക്കാര്യം ആലോചിച്ചതെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. ഹൈക്കോടതി സ്റ്റേ അനുവദിച്ചാൽ പോലും രാജി വേണ്ട എന്ന തീരുമാനം എടുത്തിട്ടില്ലെന്നു സിപിഎം കേന്ദ്രങ്ങൾ വ്യക്തമാക്കി.

സർക്കാരിന്റെ കാലാവധി ഏതാണ്ടു തീർന്ന സാഹചര്യത്തിൽ രാജി പ്രയാസമുള്ള കാര്യമല്ലല്ലോ എന്നു പാർട്ടി നേതാക്കൾ അഭിപ്രായപ്പെടുന്നു. ഇതിലൂടെ മുഖം രക്ഷിക്കാനാവുമെന്ന് നേതൃത്വം വിലയിരുത്തുന്നു. എന്നാൽ ഉത്തരവിന്റെ സ്വഭാവം കണക്കിലെടുക്കുമ്പോൾ ഹൈക്കോടതിയിൽ ചോദ്യം ചെയ്യേണ്ടി വരും. ആ സാങ്കേതികത്വം പൂർത്തീകരിക്കും.

ഹൈക്കോടതിയെ സമീപിക്കാനുള്ള അദ്ദേഹത്തിന്റെ അവകാശം പാർട്ടി അംഗീകരിക്കുന്നു. ജലീലിനെ വഴിവിട്ടു സംരക്ഷിക്കേണ്ട കാര്യമില്ലെന്ന പാർട്ടിക്കുള്ളിലെ ഒരു വിഭാഗത്തിന്റെ അഭിപ്രായമാണ് പൊളിറ്റ്ബ്യൂറോ അംഗം എം.എ.ബേബിയുടെ വാക്കുകളിൽ മറ നീക്കിയത്. ഇക്കാര്യത്തിൽ പാർട്ടിയും സർക്കാരും ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്നു തന്നെ ബേബി വെളിപ്പെടുത്തി.

ലോകായുക്ത വിധിയെ തന്നെ ചോദ്യം ചെയ്തുള്ള മന്ത്രി എകെ ബാലന്റെ വാദമുഖങ്ങൾ ബേബി തള്ളി. അതു നിയമമന്ത്രിയുടെ അഭിപ്രായം മാത്രമാണെന്നും പാർട്ടിയുടേതല്ലെന്നും പറഞ്ഞു. അഴിമതി, സ്വജനപക്ഷപാതം, ലോകായുക്ത എന്നിവയെക്കുറിച്ച് സിപിഎമ്മിന്റെ അടിസ്ഥാന നിലപാടുകളെ ചോദ്യം ചെയ്യുന്നതാണ് ജലീലിനു നൽകുന്ന സംരക്ഷണം എന്ന പ്രശ്നം പാർട്ടിക്കു മുന്നിലുണ്ട്.

അതേസമയം മന്ത്രി സ്ഥാനത്തു തുടരാൻ പാടില്ലെന്ന ലോകായുക്തയുടെ വിധി അൽപം കടന്നു പോയോ എന്ന സന്ദേഹവും ഉണ്ട്. ഹൈക്കോടതിയും കനിഞ്ഞില്ലെങ്കിൽ പിന്നെ രാജി അല്ലാതെ വേറെ വഴിയില്ലാതെ വരും. സ്റ്റേ ചെയ്താൽ ധാർമികതയുടെ പേരിൽ എന്നിട്ടും രാജിവച്ചു എന്ന പ്രഖ്യാപനം വന്നാൽ അദ്ഭുതപ്പെടാനില്ല.

വീണ്ടും എൽഡിഎഫ് സർക്കാർ വന്നാൽ അദ്ദേഹത്തെ മന്ത്രി സ്ഥാനത്തേക്കു പരിഗണിക്കുന്നതും ലോകായുക്ത വിധിയും തമ്മിൽ ബന്ധമുണ്ടാകില്ലെന്ന് പാർട്ടി കേന്ദ്രങ്ങൾ വ്യക്തമാക്കി. ചികിത്സയിലുള്ള മുഖ്യമന്ത്രിയുമായി വിശദ ചർച്ച നടത്താൻ കഴിയാത്തതിന്റെ പരിമിതിയും സിപിഎമ്മിന് ഇപ്പോഴുണ്ട്.