ന്യൂഡെൽഹി: നിരവധി സംസ്ഥാനങ്ങൾ വാക്സിൻ പാഴാക്കുന്നുണ്ടെന്ന വിമർശനവുമായി കേന്ദ്രം. നിരവധി സംസ്ഥാനങ്ങൾ എട്ട് മുതൽ ഒമ്പത് ശതമാനം വരെ വാക്സിനുകൾ പാഴാക്കിക്കളയുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു.
കൊറോണ വാക്സിൻ ക്ഷാമമെന്ന ഒരു പ്രശ്നം രാജ്യത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഇതുവരെ 13,10,90,000 ഡോസുകൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കേരളം പോലുള്ള സംസ്ഥാനങ്ങൾ വാക്സിൻ ഒട്ടും പാഴാക്കുന്നില്ല.
അതേസമയം വൈറസ് വ്യാപനം രൂക്ഷമായ മഹാരാഷ്ട്രയിൽ വേണ്ടത്ര പരിശോധന നടത്തുന്നില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം കുറ്റപ്പെടുത്തി. സംസ്ഥാനത്ത് ആർടിപിസിആർ പരിശോധനകൾ ക്രമേണ കുറഞ്ഞുവരികയാണെന്നും കേന്ദ്രം കുറ്റപ്പെടുത്തി. മഹാരാഷ്ട്രയിൽ കൊറോണ കേസുകൾ ഗണ്യമായി വളർന്ന് ഒരു ദിവസം 57,000 കേസുകൾ എന്ന നിലയിലെത്തിയിരിക്കുകയാണ്.
കേസ് വർധിക്കുന്നതിനനുസരിച്ച് സംസ്ഥാനത്ത് നടത്തിയ ആകെ പരിശോധനകളിൽ ആർടി-പിസിആർ വിഹിതം കുറയുന്നു എന്നതാണ് മറ്റൊരു ആശങ്ക. കൊറോണ കണ്ടെത്തുന്നതിനുള്ള ഏറ്റവും വിശ്വസനീയമായ പരീക്ഷണങ്ങളിലൊന്നാണ് ആർടി-പിസിആർ. ആർസി-പിസിആർ ടെസ്റ്റുകളുടെ എണ്ണം നോക്കുകയാണെങ്കിൽ, അത് ക്രമേണ കുറഞ്ഞ് വരികയാണ്.ഇത് ആശങ്കപ്പെടുത്തുന്ന കാര്യമാണ്. ഈ പ്രശ്നം പരിഹരിക്കാൻ തങ്ങൾ സംസ്ഥാനത്തോട് അഭ്യർഥിക്കുന്നതായും രാജേഷ് ഭൂഷൺ പറഞ്ഞു.