എം എ യൂസഫലി ആശുപത്രി വിട്ടു; അബുദാബിയിലേക്ക് പോയി

കൊച്ചി: ഹെലികോപ്റ്റർ അടിയന്തിരമായി ചതുപ്പിൽ ഇറക്കിയതിനെ തുടർന്ന് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന പ്രമുഖ വ്യവസായി എം എ യൂസഫലി ആശുപത്രി വിട്ടു. ലുലു ഗ്രൂപ്പ് ചെയർമാനായ യൂസഫലി പുലർച്ചെ ഒന്നരയോടെ അബുദാബിയിലേക്ക് പോയി. അബുദാബി രാജകുടുംബാംഗങ്ങൾ അയച്ച പ്രത്യേക വിമാനത്തിലായിരുന്നു യാത്ര. ഭാര്യയും ജീവനക്കാരും ഒപ്പമുണ്ട്.

ഹെലിക്കോപ്റ്ററിൽ ഉണ്ടായിരുന്ന എല്ലാവരും ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയി. അപകടത്തിൽപ്പെട്ട ഹെലിക്കോപ്റ്റർ ചതുപ്പിൽ നിന്ന് നീക്കി. അറ്റകുറ്റപ്പണികൾക്കായി ഹെലിക്കോപ്റ്റർ നെടുമ്പശ്ശേരി വിമാനത്താവളത്തിലേക്ക് മാറ്റി. നാലു ലീഫുകളും അഴിച്ചു മാറ്റിയ ശേഷം ക്രെയ്ൻ ഉപയോഗിച്ച് ഉയർത്തിയാണ് ഹെലിക്കോപ്റ്റർ ലോറിയിൽ കയറ്റിയത്.

ലുലു ഗ്രൂപ്പിൻ്റെ ഹെലികോപ്റ്ററുകളും വിമാനങ്ങളും അറ്റകുറ്റ പണി നടത്തുന്ന കമ്പനിയാണ് ഈ ജോലികൾ ചെയ്തത്. സിയാലിൽ നിന്നുള്ള സാങ്കേതിക വിദഗ്ധരും വ്യോമയന വകുപ്പ് അധികൃതരും സ്‌ഥലത്തുണ്ടായിരുന്നു. അപകട കാരണം സ്‌ഥിരീകരിക്കാൻ വ്യോമയാന മന്ത്രാലയത്തിലെ വിദഗ്ധർ സംഭവസ്ഥലം പരിശോധിച്ച ശേഷമുള്ള റിപ്പോർട്ട് തയ്യാറാക്കി വരികയാണ്.