ദുബൈ: ഹെലികോപ്ടർ അപകടത്തിൽനിന്ന് രക്ഷപ്പെട്ട ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസുഫലിയും കുടുംബവും അബൂദബിയിലെത്തി. യു.എ.ഇയുടെ ഔദ്യോഗിക വിമാനമായ ഇത്തിഹാദിൻ്റെ പ്രത്യേക വിമാനത്തിലാണ് അദ്ദേഹം എത്തിയത്.
കൊച്ചിയിൽ നിന്ന് പുറപ്പെട്ട വിമാനം തിങ്കളാഴ്ച പുലർച്ചെ യുഎഇയിൽ എത്തി. അബൂദബിയിലെ വീട്ടിൽ വിശ്രമത്തിലാണ്. ഇന്ന് ലുലുവിൻ്റെ 209ാം ഹൈപർമാർക്കറ്റ് ദുബൈ സിലിക്കൺ ഓയാസീസിൽ തുറക്കുന്നുണ്ടെങ്കിലും ഉദ്ഘാടന ചടങ്ങിൽ യൂസുഫലി പങ്കെടുക്കില്ല.
പനങ്ങാട് പൊലീസ് സ്റ്റേഷന് സമീപത്തെ ചതുപ്പിലാണ് ഹെലികോപ്ടർ ഞായറാഴ്ച രാവിലെ എട്ടരയോടെ ഇടിച്ചിറക്കിയത്. ലേക്ഷോർ ആശുപത്രിയിൽ കഴിയുന്ന ബന്ധുവിനെ സന്ദർശിക്കാൻ യൂസുഫലി കടവന്ത്രയിലെ വീട്ടിൽനിന്നുള്ള ഹ്രസ്വയാത്രക്കിടെയാണ് അപകടം. ശക്തമായ കാറ്റും മഴയുമുള്ള സമയം പനങ്ങാട് ഫിഷറീസ് യൂനിേവഴ്സിറ്റി കാമ്പസിനോട് ചേർന്ന ചതുപ്പിലേക്ക് ഹെലികോപ്ടർ പതിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
യൂസുഫലിയും ഭാര്യയും രണ്ട് പൈലറ്റുമാരും മറ്റ് രണ്ട് പേരുമാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്. ഹെലികോപ്ടർ തിങ്കളാഴ്ച പുലർച്ചെ ക്രെയിൻ ഉപയോഗിച്ച് ഉയർത്തി നെടുമ്പാശ്ശേരി എയർപോർട്ടിലേക്ക് മാറ്റി.