അന്താരാഷ്ട്ര വിമാന സര്‍വിസുകള്‍ ആരംഭിക്കാൻ ശ്രീലങ്കയുമായി ഇന്ത്യയുടെ എയര്‍ ബബിള്‍ കരാർ

ന്യൂഡെല്‍ഹി: അന്താരാഷ്ട്ര വിമാന സര്‍വിസുകള്‍ ആരംഭിക്കാൻ അയല്‍രാജ്യമായ ശ്രീലങ്കയുമായി ഇന്ത്യ എയര്‍ ബബിള്‍ കരാര്‍ ഒപ്പിട്ടു. ഉഭയകക്ഷി കരാര്‍ പ്രകാരം കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ച്‌ ഇനി ഇരു രാജ്യങ്ങളും തമ്മിൽ അന്താരാഷ്ട്ര വിമാന സര്‍വിസുകള്‍ സാധ്യമാവും. കൊറോണ മഹാമാരിയെത്തുടര്‍ന്നുള്ള 10 മാസത്തെ അടച്ചുപൂട്ടലിന് ശേഷം ജനുവരിയില്‍ ശ്രീലങ്ക വിദേശ വിനോദ സഞ്ചാരികള്‍ക്കായി വാതിലുകള്‍ തുറന്നിരുന്നു. എന്നാല്‍, എയര്‍ ബബിളിന്റെ ഭാഗമല്ലാത്തതിനാല്‍ ഇന്ത്യക്കാര്‍ക്ക് യാത്ര സാധ്യമായിരുന്നില്ല.

ഇന്ത്യന്‍ യാത്രക്കാര്‍ക്കായി ശ്രീലങ്ക വീണ്ടും വാതില്‍ തുറക്കുന്നത് മാലിദ്വീപുമായി ടൂറിസം മേഖലയില്‍ ആരോഗ്യപരമായ മത്സരത്തിന് വേദിയാകുമെന്ന് ഈ മേഖലയിലുള്ളവര്‍ വിലയിരുത്തുന്നു. കൊറോണ കാലത്ത് ഇന്ത്യക്കാര്‍ ഏറ്റവുമധികം യാത്ര പോയ രാജ്യങ്ങളിലൊന്നാണ് മാലിദ്വീപ്. യാത്രാ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതിനാല്‍ ഇനി പലരും ശ്രീലങ്കയാകും തെരഞ്ഞെടുക്കുക.

10 മാസത്തെ അടച്ചിടലിനുശേഷം 2021 ജനുവരി 21ന് കൊളംബോ അന്താരാഷ്ട്ര വിമാനത്താവളം വീണ്ടും തുറന്നതോടെ മാർച്ച് അവസാനം വരെ 9,630 സഞ്ചാരികള്‍ ശ്രീലങ്ക സന്ദര്‍ശിച്ചു. രാജ്യത്ത് എത്തുന്നതിന് രണ്ടാഴ്ച മുൻപ് വാക്‌സിന്‍ രണ്ട് ഡോസും സ്വീകരിച്ച ടൂറിസ്റ്റുകള്‍ക്ക് ഒരു ദിവസം മാത്രമാണ് ക്വാറന്റൈനിൽ കഴിയേണ്ടത്. എന്നാലും ആര്‍ ടി പി സി ആര്‍ ടെസ്റ്റ് നടത്തണം. ഇതില്‍ നെഗറ്റീവാവുകയാണെങ്കില്‍ പുറത്തിറങ്ങി യാത്ര ചെയ്യാം.

വാക്‌സിനേഷന്‍ ലഭിക്കാത്ത വിനോദസഞ്ചാരികള്‍ 14 ദിവസം ക്വാറന്റൈനിൽ കഴിയണം. ഒരാഴ്ച ഇടവിട്ട് രണ്ട് ആര്‍ ടി പി സി ആര്‍ പരിശോധനയും നടത്തണം. ശ്രീലങ്ക കൂടാതെ 27 രാജ്യങ്ങളുമായി ഇന്ത്യ എയര്‍ ബബിള്‍ കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. അഫ്ഗാനിസ്ഥാന്‍, ഫ്രാന്‍സ്, കാനഡ, ജര്‍മനി, മാലിദ്വീപ്, യു എസ് എ, യു കെ, യു എ ഇ തുടങ്ങിയ രാജ്യങ്ങള്‍ ഇതില്‍ ഉള്‍പെടുന്നു.