വീട് നിർമാണത്തിന് ധനസഹായം ലഭിച്ചില്ല; കേന്ദ്രമന്ത്രിയുടെ വീടിനുമുന്നിൽ വിഷം കഴിച്ച യുവതി മരിച്ചു

ബെംഗളൂരു: വീട് നന്നാക്കാന്‍ ധനസഹായം ലഭിക്കാത്തതില്‍ മനംനൊന്ത് കേന്ദ്രമന്ത്രിയുടെ വീടിനുമുന്നിലെത്തി വിഷം കഴിച്ച യുവതി മരിച്ചു. കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷിയുടെ ഹുബ്ബള്ളിയിലെ വീടിനുമുമ്പിലെത്തി വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച ശ്രീദേവി വീരപ്പ കമ്മാർ (31) ആണ് ചികിത്സയ്ക്കിടെ മരിച്ചത്.

ധാർവാർ താലൂക്കിലുള്ള ഗരഗ് ഗ്രാമത്തില്‍ താമസിക്കുന്ന ശ്രീദേവി രണ്ട് ദിവസം മുമ്പേയാണ് കേന്ദ്രമന്ത്രിയുടെ വസതിക്ക് മുന്നിലെത്തി വിഷം കഴിച്ചത്ത്. കഴിഞ്ഞ തവണത്തെ പ്രകൃതിക്ഷോഭത്തിൽ തകർന്ന വീട് പുനർനിർമിക്കാൻ സഹായം തേടിയാണ് സ്ഥലം എം.പി. കൂടിയായ പ്രൾഹാദ് ജോഷിയുടെ വീട്ടിലെത്തിയത്. മന്ത്രിയെ കാണാൻ പലതവണ ശ്രമിച്ചിട്ടും സാധിച്ചിരുന്നില്ല.

വീട് നിർമാണത്തിന് സഹായം ലഭിക്കാതെ വന്നതോടെ ശ്രീദേവി മന്ത്രിയുടെ വീടിന് മുന്നിലെത്തി ജീവനൊടുക്കുകയായിരുന്നു. സഹായധനം ലഭിക്കാത്ത് കൊണ്ടാണ് ജീവനൊടുക്കുന്നതെന്ന് വ്യക്തമാക്കി ഇവർ ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ചിരുന്നു. കഴിഞ്ഞ വർഷമാണ് പ്രകൃതിക്ഷോഭത്തില്‍ ഇവരുടെ വീട് തകർന്നത്. ഇതിന് നഷ്ടപരിഹാരമായി അന്ന് 50,000 രൂപ ലഭിച്ചിരുന്നു. പക്ഷേ, വീട് നന്നാക്കാൻ ഈ തുക പര്യാപ്തമല്ലെന്ന് പറഞ്ഞാണ് ശ്രദേവീ മന്ത്രിയെ കാണാനെത്തിയത്.

പ്രൾഹാദ് ജോഷിയെ നേരിൽ കാണാൻ ശ്രമിച്ചിട്ട് അവസരം ലഭിച്ചുമില്ല. മന്ത്രിയെ കാണാനായി ഇവർ ഡെൽഹിയിൽ വരെപോയിരുന്നു. പാർലമെന്റ് യോഗം നടക്കുന്ന സമയത്തായിരുന്നു ഇത്. അതിനാൽ കാണാനായില്ല. ചൊവ്വാഴ്ചയാണ് ഇവർ മന്ത്രിയുടെ വീടിനുമുമ്പിലെത്തി വിഷം കഴിച്ചത്. ഹുബ്ബള്ളിയിലെ കിംസ് ആശുപത്രിയിൽ വ്യാഴാഴ്ച രാത്രിയാണ് മരിച്ചത്.