ന്യൂഡെൽഹി: രാജ്യത്ത് കൊറോണ വൈറസ് കേസുകൾ വർധിക്കുന്നതിനിടെ വാക്സിൻ ക്ഷാമം അനുഭവപ്പെട്ടതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് മുഖ്യമന്ത്രിമാർ.
രണ്ടാം വ്യാപനം അതിതീവ്ര ഘട്ടത്തിലേക്ക് നീങ്ങുമ്പോൾ ആവശ്യത്തിന് വാക്സിൻ കിട്ടാതെ പല സംസ്ഥാനങ്ങളും കടുത്ത പ്രതിസന്ധിയിലാണ്. കൊറോണ വ്യാപനത്തെ തുടർന്ന് സംസ്ഥാനങ്ങളിൽ വാക്സിൻ കേന്ദ്രങ്ങൾ അടച്ചുപൂട്ടുകയും ചെയ്തിരുന്നു. ഇതോടെയാണ് മുഖ്യമന്ത്രിമാർ കത്തയച്ചത്. ആന്ധ്രപ്രദേശ്, പഞ്ചാബ്, രാജസ്ഥാൻ മുഖ്യമന്ത്രിമാരാണ് കത്തയച്ചത്. വാക്സിൻ ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത് അയച്ചത്.
കേരളത്തിലും കൊറോണ വാക്സിന് ക്ഷാമാണ്. തിരുവനന്തപുരത്ത് സ്റ്റോക്കുള്ളത് 25,000 പേർക്കുള്ള വാക്സിൻ മാത്രമെന്ന് ആരോഗ്യവകുപ്പ് വൃത്തങ്ങൾ അറിയിച്ചു.
സംസ്ഥാനത്തെ മെഗാ ക്യാമ്പുകൾ മുടങ്ങുമോയെന്ന ആശങ്കയും ആരോഗ്യവകുപ്പ് പങ്കുവയ്ക്കുന്നുണ്ട്. 45 വയസിന് മുകളിലുള്ളവരുടെ വാക്സിൻ എത്രയും വേഗം എടുത്തുതീർക്കണമെന്ന തീരുമാനത്തിന് വിലങ്ങുതടിയാണ് വാക്സിൻ ക്ഷാമം.