കൊച്ചി: മുട്ടാർ പുഴയിൽ 13 വയസുകാരിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം സിനിമാക്കാരിലേക്കും. സംഭവത്തിന് പിന്നാലെ കുട്ടിയുടെ ഒപ്പമുണ്ടായിരുന്ന പിതാവ് സനു മോഹൻ ഒളിവിൽപോയ സാഹചര്യത്തിലാണ് മരിച്ച വൈഗ അവസാനമായി അഭിനയിച്ച “ബില്ലി’ സിനിമയുടെ അണിയറ പ്രവർത്തകരെയും ചോദ്യം ചെയ്യാൻ അന്വേഷണ സംഘം ഒരുങ്ങുന്നതെന്നാണ് സൂചന.
സനു മോഹനുമായി അടുപ്പമുള്ളവരെ പോലീസ് ചോദ്യം ചെയ്തിരുന്നെങ്കിലും കാര്യമായ വിവരങ്ങൾ അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് പോലീസിൻറെ പുതിയ നീക്കം. നാലു സംവിധായകരുടെ അഞ്ചു സിനിമകൾ കോർത്തിണക്കി ഒരുങ്ങുന്ന ചിത്രഹാറിലെ ഒരെണ്ണമാണ് ബില്ലി. മൂന്ന് പെൺകുട്ടികളുടെ കഥ പറയുന്ന ചിത്രത്തിലെ ഒരാൾ വൈഗയാണ്.
നിലവിൽ ചെന്നൈയിലും കോയമ്പത്തൂരിലുമായി രണ്ട് സംഘങ്ങൾ സനുവിനായി തെരച്ചിൽ നടത്തുന്നുണ്ട്. സംഭവം നടന്ന് മൂന്ന് ആഴ്ച പിന്നിടുമ്പോഴും കേസിൽ കാര്യമായ പുരോഗതി ഉണ്ടാക്കാൻ കഴിയാത്തതു പോലീസിനെ കുഴക്കുന്നുണ്ട്.
അതിനിടെ സംഭവവുമായി ബന്ധപ്പെട്ട രേഖകളും ശാസ്ത്രീയ തെളിവുകളും പോലീസ് ശേഖരിച്ചിട്ടുണ്ടെന്നു കൊച്ചി സിറ്റി പോലീസ് കമ്മിഷണർ സി.എച്ച്.നാഗരാജു പറഞ്ഞു. സംഭവത്തിനു പിന്നിലെ വസ്തുതകൾ അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവയുടെ വിശദ വിവരങ്ങൾ അന്വേഷണത്തിൻറെ ഭാഗമായതിനാൽ ഇപ്പോൾ പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സനുവിൻറെ സുഹൃത്തുക്കളിൽനിന്നും വിവരങ്ങൾ ശേഖരിക്കുന്ന പോലീസ് കേരളത്തിലും തെരച്ചിൽ നടത്തുന്നതായാണ് സൂചന. ഇയാളുടെ കൂട്ടാളികളിൽനിന്നും അടുത്ത സുഹൃത്തുക്കളിൽനിന്നും ലഭിക്കുന്ന വിവരത്തിൻറെ അടിസ്ഥാനത്തിലാണിത്.
കഴിഞ്ഞ 21ന് ഭാര്യ രമ്യയെ ആലപ്പുഴയിലെ ബന്ധുവീട്ടിലാക്കി മകളോടൊപ്പം കാറിൽ പുറപ്പെട്ടതാണ് സനു. ഇവരെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയിൽ പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് വൈഗയുടെ മൃതദേഹം പുഴയിൽ നിന്നും കണ്ടെത്തിയത്.