കൊച്ചി: വൈഗയുടെ മരണവുമായി ബന്ധപ്പെട്ട് പിതാവ് സനു മോഹനായി തമിഴ്നാട്ടില്‍ തെരച്ചില്‍ തുടരുന്ന അന്വോഷണ സംഘത്തിന്റെ പരിശോധന വിമാനത്താവങ്ങളിലേക്കും വ്യാപിപ്പിച്ചു. കള്ളപാസ്പോര്‍ട്ട് ഉപയോഗിച്ച് സനു വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുള്ളതിനാല്‍ കോയമ്പത്തൂര്‍ വിമാനത്താവളങ്ങളിലടക്കം അന്വേഷണ സംഘത്തിന്റെ പ്രത്യേക നിരീക്ഷണം ആരംഭിച്ചു.
സംഭവത്തിന് ശേഷം കേരളം വിട്ട സനു സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നെങ്കിലും വാഹനം കണ്ടെത്താനായിരുന്നില്ല. ഈ സാഹചര്യത്തില്‍ വര്‍ക്ക്ഷോപ്പുകള്‍ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
നിരവധി സാമ്പത്തിക തട്ടിപ്പു കേസുകളില്‍ പ്രതിയായ ഇയാളുടെ തിരോധാനത്തില്‍ മുംബൈയിലെ പണമിടപാട് സംഘത്തിന് പങ്കുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. സനു ഉപയോഗിച്ചിരുന്ന മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പുരോഗമിക്കുകയാണ്. ഇയാൾ അവസാനമായി വിളിച്ച കോളുകള്‍ പോലീസ് തിരിച്ചറിഞ്ഞതായാണ് സൂചന.