കണ്ണൂർ: മൻസൂർ വധക്കേസിൽ രണ്ടുപേർ കൂടി പിടിയിൽ. ഇതോടെ പിടിയിലായവരുടെ എണ്ണം നാലായി. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണ് പിടിയിലായവരെന്നാണ് പൊലിസ് പറയുന്നത്.
അതേ സമയം കൊല്ലപ്പെട്ട മൻസൂറിന്റെ സഹോദരൻ മുഹ്‌സിന്റെ മൊഴി എടുക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥർ. എന്നാൽ മൻസൂറിന്റെ കൊലപാതകത്തിലെ പ്രതി കൊയിലോത്ത് രതീഷിന്റെ മരണത്തിൽ ദുരൂഹതയുള്ളതായി ആരോപണം ശക്തമായി. രതീഷിനെ കൊന്ന് കെട്ടി തൂക്കിയതാണോ എന്ന സംശയമുയർത്തി കോൺഗ്രസ് നേതാവ് കെ.സുധാകരൻ തന്നെ രംഗത്തെത്തി. മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജിയും മരണത്തിൽ ദുരൂഹതയാരോപിച്ചു.
ചെക്യാട് അരുണ്ട കൂളിപ്പാറയിലാണ് കഴിഞ്ഞ ദിവസം വൈകിട്ട് രതീഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രതീഷ് വർഷങ്ങളായി പാറക്കടവ് വളയം റോഡിൽ വില്ലേജ് ഓഫിസ് പരിസരത്തെ വാഹനങ്ങളുടെ ബോഡി നിർമ്മിക്കുന്ന വർക്ക് ഷോപ്പിൽ ജീവനക്കാരനായിരുന്നു. ഈ മേഖലകളിൽ ഇയാൾക്ക് അടുത്ത സുഹൃത്തുക്കൾ ഉണ്ടെന്നും കൊലപാതകത്തിന് ശേഷം ഇയാൾ മേഖലയിൽ ഒളിവിൽ കഴിയാനായി എത്തിയതാവാമെന്നുമുള്ള നിഗമനത്തിലാണ് പോലീസ്.
വടകരയിൽ നിന്നെത്തിയ വിരലടയാള വിദഗദ്ധരും ബാലുശ്ശേരിയിൽ നിന്നെത്തിയ ഡോഗ് സ്‌ക്വാഡും സംഭവ സ്ഥലത്ത്‌നിന്ന് തെളിവുകൾ ശേഖരിച്ചു. രതീഷിന്റെതെന്ന് കരുതുന്ന ഒരു ജോഡി ചെരുപ്പുകളും മാസ്‌കും പൊലിസ് കണ്ടെടുത്തു. വസ്ത്രത്തിൽ നിന്ന് കടലാസ് തുണ്ടും കണ്ടെടുത്തു.
നാദാപുരം ഡിവൈ.എസ്പി പി.എ.ശിവദാസ് സംഭവ സ്ഥലത്തെത്തിയിരുന്നു. മരണത്തിൽ ദുരൂഹത ഉയർന്ന സാഹചര്യത്തിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് നിർണായകമാകും.