ന്യൂഡെൽഹി: കർഷകരുമായി ചർച്ചക്ക് തയ്യാറെന്നറിയിച്ച് കേന്ദ്രം. നിയമസഭാ തിരഞ്ഞെടുപ്പിലടക്കം കേന്ദ്ര സർക്കാരിനെതിരെ നിലപാട് സ്വീകരിച്ച കർഷക സംഘടനകൾ തിരഞ്ഞെടുപ്പിനു ശേഷം സമരം കൂടുതൽ ശക്തമാക്കാനൊരുങ്ങുകയാണ്.കൊറോണ സാഹചര്യം മുൻനിർത്തി കർഷകർ സമരം നീട്ടിവെയ്ക്കണമെന്നും കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ ആവശ്യപ്പെട്ടു. എന്നാൽ 11 തവണയും ചർച്ച പരാജയപ്പെട്ടതിനാൽ സമരം അവസാനിപ്പിക്കണമെന്നാണ് കേന്ദ്ര കൃഷിമന്ത്രി ആവശ്യപ്പെടുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം രാജ്യത്തെ പ്രതിദിന കൊറോണ രോഗികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.വൈറസിന്റെ രണ്ടാം വരവിന്റെ സൂചനകളും പ്രകടമായതോടെ കർഷക സമരം കൂടുതൽ ദോഷം ചെയ്യുമെന്നാണ് കേന്ദ്രത്തിന്റെ കണക്കുകൂട്ടൽ.
കെഎംപി അതീവേഗപാത ഉപരോധത്തിൽ പങ്കെടുക്കുന്നത് പതിനായിരത്തിലേറെ കർഷകരാണ്. മെയ് ആദ്യ വാരം കർഷകർ പ്രഖ്യാപിച്ച പാർലമെന്റിലേക്കുള്ള കാൽനട ജാഥയ്ക്ക് മുന്നോടിയായിട്ടാണ് ഉപരോധം നടത്തുന്നത്.
നാളെ രാവിലെ എട്ട് മണിവരെയാണ് കെഎംപി ദേശീയ പതയിലെ റോഡ് ഉപരോധം. ഇതോടെ ദേശീയപാതയിലെ ചരക്കുഗതാഗതം പൂർണമായി സ്തംഭിച്ചു. ഇതിനിടെ വിളവെടുപ്പ് കാലമായതിനാൽ റോഡ് ഉപരോധിക്കാനുള്ള സംയുക്ത കിസാൻ മോർച്ചയുടെ ആഹ്വാനത്തെ പിന്തുണയ്ക്കുന്നില്ലെന്ന് പൽവലിലെ ഒരു വിഭാഗം കർഷകർ പറഞ്ഞു.