ലഖ്‌നൗ: മൂന്ന് സ്ത്രീകൾക്ക് കൊറോണ വാക്‌സിന് പകരം റാബിസ് കുത്തിവയ്പ് നൽകിയതായി ആരോപണവുമായി കുടുംബം രംഗത്തെത്തി. മൂന്ന് സ്ത്രീകളിൽ ഒരാളുടെ നില വഷളായതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിനെ തുടർന്ന് മെഡിക്കൽ സൂപ്രണ്ടിന് പരാതി നൽകുകയും തെറ്റായി വാക്‌സിൻ കുത്തിവയ്പ്പ് നടത്തിയവർക്കെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് അവരുടെ കുടുംബങ്ങൾ രംഗത്തെത്തി.
ഉത്തർപ്രദേശിലെ ഷാംലി ജില്ലയിലെ സർക്കാർ ആശുപത്രിയിലാണ് സംഭവം നടന്നത്. വ്യാഴാഴ്ചയാണ് ഇവർ കാന്ധല നഗരത്തിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ വാക്‌സിൻ സ്വീകരിക്കാനായി എത്തിയത്. അവർക്ക് വാക്‌സിൻ നൽകിയ ശേഷം വീട്ടിലേക്ക് മടങ്ങാൻ ഉദ്യോഗസ്ഥർ നിർദേശിച്ചു. എന്നാൽ കുറച്ച് സമയത്തിന് ശേഷം സരോജിന് തലകറക്കവും അസ്വസ്ഥതയും അനുഭവപ്പെട്ടു. തുടർന്ന് ബന്ധുക്കൾ അവരെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.
കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നിന്ന് നൽകിയ ഒപിഡി സ്ലിപ് പരിശോധിച്ച ശേഷം ഇവർക്ക് റാബിസ് വാക്‌സിൻ ആണ് നൽകിയിരിക്കുന്നതെന്ന് ഡോക്ടർ വീട്ടുകാരെ അറിയിച്ചു. പിന്നീട് മറ്റു സ്ത്രീകളുടെയും ഒപിഡി സ്ലിപ് പരിശോധിച്ചപ്പോൾ അവർക്കും ആന്റി റാബിസ് ജാബുകളാണ് നൽകിയിരിക്കുന്നതായി മനസ്സിലായി.
കുടുംബങ്ങളുടെ പരാതിയെ തുടർന്ന് ചീഫ് മെഡിക്കൽ ഓഫീസർ, അഡീഷണൽ ചീഫ് മെഡിക്കൽ ഓഫീസർ, എന്നിവരെ അന്വേഷണ ഉദ്യോഗസ്ഥരാക്കി ഷാംലി ജില്ലാ മജിസ്‌ട്രേറ്റ് ജസ്ജിത് കൗർ അന്വേഷണം ആരംഭിക്കാനും ഇരകളുടെ മൊഴി രേഖപ്പെടുത്താനും ഉത്തരവിടുകയും ചെയ്തു.
അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ഉത്തരവാദിത്തപ്പെട്ടവർക്കെതിരെ നടപടിയെടുക്കുമെന്ന് കൗർ പറഞ്ഞു. കേസിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് സിഎംഒ സഞ്ജയ് അഗർവാൾ പറഞ്ഞു.