ജമ്മു കശ്മീരിൽ സുരക്ഷാസേന അഞ്ച് ഭീകരരെ വധിച്ചു

ഷോപിയാന്‍: ജമ്മു കശ്മീരിൽ സുരക്ഷാസേന അഞ്ച് ഭീകരരെ വധിച്ചു. ഷോപിയാനിലും ട്രാലിലുമുണ്ടായ രണ്ട് ഏറ്റുമുട്ടലുകളിലാണ് ഭീകരരെ വധിച്ചത്. നാലു സൈനികര്‍ക്കും സംഭവത്തില്‍ പരിക്കേറ്റുണ്ട്. ഷോപിയാനില്‍ ഒരു മോസ്‌കില്‍ ഒളിച്ചിരുന്ന ഭീകരരെയാണ് സുരക്ഷാസേന നേരിട്ടത്. ഇവിടെ മൂന്നു പേരെ വധിച്ചു. രണ്ടു പേര്‍ കൂടി മോസ്‌കിനുള്ളിലുണ്ട്.

ഇവര്‍ക്കായി തിരച്ചില്‍ തുടരുന്നു. ഇവര്‍ ഏതു സംഘടനയില്‍ പെട്ടവരാണെന്ന് വ്യക്തമല്ല. ഇന്നലെ വൈകുന്നേരത്തോടെയാണ് ആദ്യ ഏറ്റുമുട്ടലുണ്ടായത്. ഷോപ്പിയാന്‍ ടൗണിലെ മുസ്ലിം പള്ളിയില്‍ തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യം തിരച്ചില്‍ നടത്തിയത്.

ഭീകരരോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ട് ഭീകരില്‍ ഒരാളുടെ സഹോദരനെയും ഒരു ഇമാമിനേയും സൈന്യം മോസ്‌കിനുള്ളിലേക്ക് അനുരജ്ഞന ചര്‍ച്ചയ്ക്ക് അയച്ചിരുന്നു. വഴങ്ങാതെ വന്നതോടെ ഏറ്റുമുട്ടലില്‍ മൂന്നു തീവ്രവാദികളെ സൈന്യം വധിക്കുകയും രണ്ടു പേരെ പിടികൂടുകയും ചെയ്തു.

ഇവിടെ നടന്ന ഏറ്റുമുട്ടലിലാണ് ഒരു സൈനിക ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ നാലു സൈനികര്‍ക്ക് പരിക്കേറ്റത്. രണ്ടാമത്തെ ഏറ്റുമുട്ടല്‍ നടന്നത് ഇന്ന് പുലര്‍ച്ചെ പുല്‍വാമയിലെ ട്രാല്‍ ഏരിയയിലാണ്. ട്രാലിലെ നൗബഗിലുണ്ടായ ഏറ്റുമുട്ടലിലാണ് മറ്റു രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടത്. മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് ജമ്മു കശ്മീര്‍ പോലീസ് അറിയിച്ചു.