കൊച്ചി : ഏലൂര്‍ മുട്ടാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ 13 കാരി വൈഗയുടെ പിതാവ് സനു മോഹനെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചതായി റിപ്പോര്‍ട്ട്. ഇയാള്‍ക്ക് തമിഴ്‌നാട്ടില്‍ ഒരു ഭാര്യയും കുട്ടിയുമുണ്ടെന്നാണ് സൂചന. ഇയാള്‍ ഒളിവില്‍ കഴിയുന്ന സ്ഥലത്തെക്കുറിച്ചും പൊലീസിന് സൂചന ലഭിച്ചതായി റിപ്പോര്‍ട്ടുണ്ട്.
സനു മോഹന്റെ സുഹൃത്തുക്കളെയും ബിസിനസ് പങ്കാളികളെയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഈ വിവരങ്ങള്‍ ലഭിച്ചത്. തമിഴ്‌നാട് പൊലീസിന്റെ സഹായത്തോടെ സനുവിനായി ഊര്‍ജിത തിരച്ചില്‍ നടന്നുകൊണ്ടിരിക്കുകയാണ്.
ഇയാള്‍ ജീവനോടെയുണ്ടെന്ന് ഉറപ്പിച്ചതോടെ ഫ്‌ളാറ്റില്‍ വൈഗയ്ക്ക് എന്താണ് സംഭവിച്ചതെന്ന് വൈകാതെ ഉത്തരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം. സനു മോഹന്റെ ഭാര്യയെയും ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവരെ തൃപ്പൂണിത്തുറയിലെ രഹസ്യകേന്ദ്രത്തില്‍ വെച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു.
ചില സാമ്പത്തിക തിരിമറികളെക്കുറിച്ച് അറിയാമെന്നല്ലാതെ സനുമോഹന്റെ പേരില്‍ ഉണ്ടെന്ന് പറയപ്പെടുന്ന വലിയ തട്ടിപ്പുകളെക്കുറിച്ച് ഭാര്യ ഉള്‍പ്പെടെയുള്ളവര്‍ക്ക് അറിയില്ലെന്നാണ് പൊലീസിന് ലഭിച്ച വിവരം. സനുവുമായി ഏറ്റവും അടുപ്പമുണ്ടെന്ന് പറയപ്പെടുന്ന തിരുവനന്തപുരം സ്വദേശിയായ സുഹൃത്തിനെയും പൊലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു.
സമീപകാലത്തൊന്നും സനുവുമായി ബന്ധപ്പെട്ടിട്ടില്ലെന്നാണ് ഇയാള്‍ പൊലീസിന് നല്‍കിയ മൊഴിയെന്നാണ് സൂചന. മാര്‍ച്ച് 21ന് രാത്രി ഭാര്യയെ ആലപ്പുഴയിലെ ബന്ധുവീട്ടിലാക്കി മകളോടൊപ്പം കാറില്‍ പുറപ്പെട്ടതാണ് സനു മോഹന്‍. പിറ്റേന്ന് മകള്‍ വൈഗയുടെ മൃതദേഹം കളമശ്ശേരി മുട്ടാര്‍ പുഴയില്‍ കണ്ടെത്തിയെങ്കിലും സനുവിനെ കുറിച്ച് ഒരു വിവരവും ലഭിച്ചിരുന്നില്ല.