മൻസൂറിന്റെ കൊലപാതകം; പാനൂരിൽ നാളെ പ്രതിഷേധ സംഗമം

കണ്ണൂ‌‌ർ: മുസ്ലീം ലീഗ് പ്രവർ‌ത്തകൻ മൻസൂറിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് പാനൂരിൽ നാളെ പ്രതിഷേധ സംഗമം. പരിപാടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കുഞ്ഞാലിക്കുട്ടിയും കെ സുധാകരനും ഉൾപ്പെടെയുള്ള നേതാക്കൾ പാനൂരിലെത്തും. ക്രൈംബ്രാഞ്ച് സംഘത്തിന് സിപിഎം ചായ്വുണ്ടെന്ന് ലീഗ് ആരോപിച്ച് കഴിഞ്ഞു.

മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ കേസ് അന്വേഷിക്കണമെന്നാണ് ആവശ്യം. കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഇന്ന് സംഭവ സ്ഥലം സന്ദർശിക്കും. ഡിവൈഎസ്പി ഇസ്മായിലിന്റെ നേതൃത്വത്തിലുള്ള 15 അംഗ സംഘമാണ് പുതുതായി കേസ് അന്വേഷിക്കുന്നത്.

മുഖ്യ ആസൂത്രകൻ ഡിവൈഎഫ്ഐ നേതാവ് കെ സുഹൈലടക്കം 25 പേരാണ് കൃത്യം നടത്തിയതെന്ന് പൊലീസ് പറയുന്നു. ഇതിൽ 11 പേരെ തിരിച്ചറിഞ്ഞു. പിടിയിലായ ഷിനോസ് ഒഴികെ എല്ലാവരും ഒളിവിലാണ്. സംഭവ സ്ഥലത്തുനിന്നും പൊലീസിന് മാരകായുധങ്ങളും ഒരു മൊബൈൽ ഫോണും കിട്ടിയിട്ടുണ്ട്.

വിലാപയാത്രയ്ക്കിടെ മുസ്ലിംലീഗ് പ്രവർത്തകർ സിപിഎം ഓഫീസുകൾക്കും കടകൾക്കും തീയിട്ട സംഭവത്തിൽ ഇതുവരെ 24 പേർ പിടിയിലായിട്ടുണ്ട്. കൊലപാതകക്കേസും തുടർന്നുണ്ടായ അക്രമണങ്ങളിലും കുറ്റക്കാരെ മുഴുവൻ ഉടൻ പിടികൂടുമെന്ന് കണ്ണൂ‍ർ സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ അറിയിച്ചു.