മൻസൂറിന്റെ കൊലപാതകം: അന്വേഷണം പ്രഹസനം; നീതി ലഭിച്ചില്ലെങ്കിൽ മറ്റ് മാർഗങ്ങൾ നോക്കും: പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: പാനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകം ആസൂത്രിതമെന്ന് പി. കെ കുഞ്ഞാലിക്കുട്ടി. അന്വേഷണം വെറും പ്രഹസനമാണ്. അന്വേഷണ സംഘത്തെ മാറ്റണം. സർക്കാരിൽ നിന്ന് നീതി ലഭിച്ചില്ലെങ്കിൽ മറ്റ് മാർഗങ്ങൾ നോക്കുമെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. പൊലീസുകാരെ ഉപയോഗിച്ച്‌ കേസ് തേയ്ച്ച്‌ മായ്ച്ച്‌ കളയാമെന്നൊന്നും സിപിഐഎം കരുതേണ്ട.

കൊല്ലപ്പെട്ട മൻസൂറിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കാൻ ഏത് അറ്റം വരെയും പോകും. പാർട്ടിയും മുന്നണിയും കുടുംബത്തിനൊപ്പം നിൽക്കും. നിയമപരമായ എല്ലാ പിന്തുണയും നൽകും. കൊലപാതകത്തിനുള്ള മറുപടി കായികമായി നൽകില്ലെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു.തെരഞ്ഞെടുപ്പിൽ വാക്കേറ്റവും വാശിയുമൊക്കെ പതിവാണ്.

എന്നാൽ ചിലയിടങ്ങളിൽ അതല്ല അസ്ഥ. ക്രൂരമായ അക്രമം അഴിച്ചുവിടുമെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. അതേസമയം, പാനൂർ മൻസൂർ കൊലക്കേസിൽ സംഭവ സ്ഥലത്ത് നിന്ന് ലഭിച്ച ഷിനോസിന്റെ ഫോണിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചതായി റിപ്പോർട്ട്. കൊലപാതകത്തിന്റെ ഗൂഢാലോചന തെളിയിക്കുന്ന വാട്സ് ആപ്പ് സന്ദേശങ്ങൾ ഉൾപ്പെടെയുള്ള നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചുവെന്നാണ് സൂചന.

വാട്സ് ആപ്പിലൂടെയാണ് കൊലപാതകത്തിന്റെ ഗൂഢാലോചന നടന്നതെന്നാണ് സൂചന. കൊല്ലപ്പെട്ട മൻസൂറിന്റെ സഹോദരൻ മുഹ്സിന് പണികൊടുക്കണമെന്ന തരത്തിലുള്ള മെസേജുകൾ ഫോണിൽ ഉണ്ടായിരുന്നു. അതിന് വേണ്ടി ബോംബ്, മറ്റ് ആയുധങ്ങളെല്ലാം ശേഖരിച്ചത് വാട്‌സ് ആപ്പ് മെസേജുകളിലൂടെയാണ് എന്നാണ് പോലീസിന്റെ അനുമാനം.

കൊലപാതകം നടന്ന സ്ഥലത്ത് നിന്നാണ് കൊലപാതകത്തിന്റെ നിർണായക തെളിവുകളുള്ള ഫോൺ ലഭിച്ചത്. ഇത് ഷിനോസിന്റെതാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഫോണിൽ നിന്ന് നിരവധി മെസേജുകൾ ഡിലീറ്റ് ആയിട്ടുണ്ട്. ഇത് വീണ്ടെടുക്കുന്നതോടെ കൂടുതൽ തെളിവുകൾ ലഭിക്കുമെന്നാണ് പോലീസിന്റെ പ്രതീക്ഷ. കൂടുതൽ വിവരങ്ങൾ വീണ്ടെടുക്കുന്നതിനായി ഫോൺ സൈബർ സെല്ലിന് കൈമാറിയിട്ടുണ്ട്.