ന്യൂഡെല്‍ഹി: കടല്‍ക്കൊല കേസില്‍ മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കള്‍ക്കു നഷ്ടപരിഹാരമായി 10 കോടി രൂപ നല്‍കാന്‍ ഇറ്റാലിയന്‍ സര്‍ക്കാര്‍ സമ്മതിച്ചതായി സുപ്രീം കോടതിയിൽ കേന്ദ്രസർക്കാർ. കേരള തീരത്ത് ഇറ്റാലിയന്‍ നാവികര്‍ വെടിവച്ചുകൊന്ന മരിച്ച രണ്ട് മത്സ്യത്തൊഴിലാളികളുടെ കുടുംബാംഗങ്ങള്‍ക്ക് നാല് കോടി രൂപ വീതവും പരുക്കേറ്റ ബോട്ടുടമയ്ക്കു രണ്ട് കോടി രൂപയുമാണ് നഷ്ടപരിഹാരമായി നല്‍കുമെന്നാണ് കേന്ദ്രം അറിയിച്ചത്.
രണ്ട് ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ ഇന്ത്യയില്‍ നിലനില്‍ക്കുന്ന ക്രിമിനല്‍ നടപടികള്‍ അവസാനിപ്പിക്കണമെന്ന കേന്ദ്രത്തിന്റെ അപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഇരകളുടെ കുടുംബങ്ങള്‍ക്കു നഷ്ടപരിഹാരം നല്‍കുമെന്നു ചൂണ്ടിക്കാട്ടി ക്രിമിനല്‍ കേസ് അവസാനിപ്പിക്കണമെന്ന കേന്ദ്രത്തിന്റെ ഹര്‍ജിയില്‍ അടിയന്തരമായി വാദംകേള്‍ക്കണമെന്നു ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ, ജസ്റ്റിസുമാരായ എഎസ് ബൊപണ്ണ, വി രാമസുബ്രഹ്‌മണ്യന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിനോട് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആവശ്യപ്പെടുകയായിരുന്നു.
കേസില്‍ അടുത്തയാഴ്ച വാദം കേള്‍ക്കുമെന്നാണു കോടതി നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ കേസ് ഇന്ത്യന്‍-ഇറ്റാലിയന്‍ സര്‍ക്കാരുകള്‍ തമ്മിലുള്ള വിഷയമായതിനാല്‍ അടിയന്തരമായി കേള്‍ക്കണമെന്നു സോളിസിറ്റര്‍ ജനറല്‍ ആവശ്യപ്പെട്ടു.
രാജ്യാന്തര തര്‍ക്കപരിഹാര ട്രിബ്യൂണലിന്റെ 2020 യേ് 21-ലെ വിധി അംഗീകരിക്കാന്‍ തീരുമാനിച്ചതായി ജുലൈയില്‍ സുപ്രീം കോടതിയെ കേന്ദ്രം അറിയിച്ചിരുന്നു. ട്രൈബ്യൂണലിന്റെ ഉത്തരവ് കണക്കിലെടുത്ത് കോടതി മുമ്പാകെയുള്ള നടപടികള്‍ തീര്‍പ്പാക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇരകളുടെ കുടുംബങ്ങളെ കേള്‍ക്കാതെ ഒരു ഉത്തരവും പാസാക്കില്ലെന്നും അവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
മത്സ്യത്തൊഴിലാളികളുടെ ജീവന്‍ നഷ്ടപ്പെട്ടതിനു നഷ്ടപരിഹാരം ലഭിക്കാന്‍ ഇന്ത്യക്ക് അവകാശമുണ്ടെന്നും ഇറ്റാലിയന്‍ നാവികര്‍ അനുഭവിക്കുന്ന നിയമപരമായ പ്രതിരോധം കണക്കിലെടുത്ത് ഇന്ത്യയില്‍ വിചാരണ ചെയ്യാന്‍ കഴിയില്ലെന്നുമായിരുന്നു ട്രിബ്യൂണലിന്റെ വിധി.